വൈപ്പിൻ : സൗത്ത് പുതുവൈപ്പ് എൽ.എൻ.ജി പദ്ധതി മേഖലയിൽ മാലിന്യവുമായി വന്ന ലോറികൾ പൊതുപ്രവർത്തകർ ചേർന്ന് തടഞ്ഞിട്ട് തിരിച്ചുവിട്ടു. നഗരത്തിൽ നിന്നുള്ള പൈലിംഗ് വേസ്റ്റുകളും മറ്റ് മാലിന്യങ്ങളുമാണ് സൗത്ത് പുതുവൈപ്പ് മേഖലയിൽ കൊണ്ട് വന്ന് തള്ളുന്നത്. ഇവിടെ പോർട്ട് ട്രസ്റ്റിന്റെയും സ്വകാര്യവ്യക്തികളുടേയും ഉടമസ്ഥതയിലുള്ള ചുതുപ്പ് നിലങ്ങൾ നികത്താനാണ് മാലിന്യം എത്തിക്കുന്നത്. മാലിപ്പുറം വളപ്പ് , പുതുവൈപ്പ് മേഖലയിലും വർഷങ്ങളായി ഇതു തുടരുകയാണ്. ഇതുമൂലം ഈ മേഖലയിലെ താമസക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് പൊതു പ്രവർത്തകരായ കെ.എച്ച്.അബ്ബാസ്, അലി വളപ്പിലകം എന്നിവർ ചൂണ്ടിക്കാട്ടി. വൈപ്പിൻകരയെ നഗരത്തിന്റെ കുപ്പത്തൊട്ടിയാക്കാൻ അനുവദിക്കില്ലെന്നും മാലിന്യവുമായി എത്തുന്ന ലോറികളെ ഗോശ്രീപാലത്തിൽ തടയുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.