കൊച്ചി: രാജി വയ്ക്കില്ലെന്ന തീരുമാനത്തിൽ ഉറച്ച് സ്ഥിരംസമിതി അദ്ധ്യക്ഷൻമാർ. തങ്ങൾ സ്ഥാനം ഒഴിഞ്ഞാൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുമെന്നാണ് ഭീഷണി. ഐ, എ ഗ്രൂപ്പ് വത്യാസമില്ലാതെ അനവസരത്തിലുള്ള കൂട്ടരാജിയെ എതിർക്കുന്ന ഒരു വിഭാഗം കൗൺസിലർമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും വേണ്ട സമയത്ത് ഉചിതമായ രീതിയിൽ അവർ പ്രതികരിക്കുമെന്നും അദ്ധ്യക്ഷൻമാർ മുന്നറിയിപ്പ് നൽകി. അതേസമയം രമേശ് ചെന്നിത്തലയുടെ അഭ്യർത്ഥനമാനിച്ച് നികുതികാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി.പി കൃഷ്ണകുമാർ ഇന്നലെ സെക്രട്ടറിക്ക് രാജിനൽകി. പദവി രാജി വയ്ക്കണമെന്ന ഡി.സി.സി പ്രസിഡന്റിന്റെ നിർദേശത്തെ ധിക്കരിക്കുന്ന രണ്ട് അദ്ധ്യക്ഷൻമാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് നേതൃത്വം.

# ഒരാൾക്ക് മാത്രം സ്ഥാനക്കയറ്റം അംഗീകരിക്കില്ല


മുൻ ധാരണ പ്രകാരം കൊച്ചി കോർപറേഷൻ ഭരണസമിതിയിൽ അധികാരമാറ്റം നടപ്പാക്കുന്നതിനു മുന്നോടിയായി കോൺഗ്രസ് ഭരിക്കുന്ന നാലു സമിതികളിലെയും അദ്ധ്യക്ഷൻമാർ 23നകം രാജി വയ്ക്കണമെന്ന് ടി.ജെ. വിനോദ് സമിതി അദ്ധ്യക്ഷർക്ക് നിർദേശം നൽകിയിരുന്നു. നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി മാത്യു മാത്രമാണ് 23ന് രാജി നൽകിയത്. മറ്റുള്ളവർ കെ.പി.സി.സി പ്രസിഡന്റിനെ നേരിൽ കണ്ട ശേഷംമാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്ന് നിലപാടെടുത്തു.
ഭരണസമിതിയുടെ കാലവധി തീരാൻ എട്ടു മാസം മാത്രം ശേഷിക്കെ അധികാരമാറ്റം നടത്തുന്നതു ചിലരുടെ വ്യക്തിതാൽപര്യത്തിനു വേണ്ടിയാണെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയെ നേരിൽ കണ്ട് മൂവരും പരാതിപ്പെട്ടു. എന്നാൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെ കാര്യം തീരുമാനിക്കേണ്ടത് ഡി.സി.സി ആണെന്നും കൂടിയാലോചനയ്ക്ക് ശേഷം ഉചിതമായ തീരുമാനം സ്വയം സ്വീകരിച്ചുകൊള്ളാനും പ്രസിഡന്റ് നിർദേശിച്ചു.

മുല്ലപ്പി​ള്ളി​യുടെ നി​ലപാട്

മേയർ സൗമിനി ജെയിനെ മാറ്റുന്നതിൽ തൽക്കാലം തീരുമാനമെടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയതോടെ ഉടൻ രാജിവേണ്ടെന്ന നിലപാടിലേക്ക് എ ഗ്രൂപ്പുകാരനായ എ.ബി. സാബുവും കെ.വി. തോമസ് പക്ഷക്കാരിയായ ഗ്രേസി ജോസഫും എത്തിച്ചേരുകയായിരുന്നു.
രാജി വയ്ക്കുന്നവരിൽ ഒരാൾക്ക് മാത്രം മേയറായി സ്ഥാനക്കയറ്റം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രേസി ജോസഫ് പറഞ്ഞു..അദ്ധ്യക്ഷ പദവി രാജിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഷൈനി സമിതി അംഗത്വം കൂടി ഉപേക്ഷിച്ചു. കൂടിയാലോചന പോലുമില്ലാതെ ഡെലീന പിൻഹീറോ നികുതികാര്യ സമിതിയിൽ നിന്ന് രാജിവച്ചു. അതോടെ യു.ഡി.എഫിന് ഈ രണ്ട് സമിതികളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നു. ഈ പിഴവിന് ആര് സമാധാനം പറയുമെന്നാണ് അദ്ധ്യക്ഷയുടെ ചോദ്യം.