കാലടി: കാലടി ശ്രീശങ്കരപാലത്തിന്റെ പുതുക്കിയ ഭരണാനുമതിക്കായി ധനകാര്യ വകുപ്പിന് സമർപ്പിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉറപ്പ് നൽകിയതായി ബെന്നി ബെഹന്നാൻ എം.പി അറിയിച്ചു. പുതുക്കിയ ഭരണാനുമതിക്ക് പാലത്തിന്റെയും ബൈപ്പാസിന്റെയും എസ്റ്റിമേറ്റും ഡിസൈനും തയ്യാറാക്കിയതായി എക്സി.എൻജിനിയർ യോഗത്തിൽ അറിയിച്ചു. പാലത്തിന് താന്നിപ്പുഴ ഭാഗത്ത് 200' മീറ്റർ റോഡും കാലടി ഭാഗത്ത് 1520 മീറ്റർ റോഡുമാണ് നിർമ്മിക്കേണ്ടത്. ഇതിനായി 7.50 ഏക്കർ ഭൂമി ഏറ്റെടുക്കണം. ഇതിനാവശ്യമായ 115 കോടി രൂപയുടെ നിർമ്മാണ അനുമതിക്കാണ് പൊതുമരാമത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. എം.എൽ.എമാരായ റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.