കൊച്ചി : നഗരത്തിലെ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ പനമ്പിള്ളി നഗറിലെ തെരുവു കച്ചവടക്കാരനായ എ. രവി ഉൾപ്പെടെ നൽകിയ ഹർജിയിൽ ജി.സി.ഡി.എ അധികൃതരെ ഹൈക്കോടതി കക്ഷി ചേർത്തു. തെരുവു കച്ചവടക്കാരെ സംരക്ഷിക്കാനുള്ള നിയമത്തിന്റെ ആനുകൂല്യം തങ്ങൾക്ക് ലഭിക്കാൻ നടപടി വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഹർജി പരിഗണിക്കവെ 2000 തെരുവു കച്ചവടക്കാരുടെ പട്ടിക ടൗൺ വെൻഡിംഗ് കമ്മിറ്റി തയ്യാറാക്കിയെന്ന് നഗരസഭ വ്യക്തമാക്കി. ഇത്തരം പട്ടിക തയ്യാറാക്കി സൂക്ഷിച്ചിട്ടെന്തു കാര്യമെന്ന് വാക്കാൽ ചോദിച്ച സിംഗിൾബെഞ്ച് വിശദാംശങ്ങൾ നൽകാൻ നഗരസഭാ സെക്രട്ടറി ഹാജരാകേണ്ടി വരുമോയെന്നും ആരാഞ്ഞു. കോടതിയുടെ നിർദ്ദേശപ്രകാരം ഒന്നര വർഷത്തിനു ശേഷമാണ് ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗം ചേർന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെരുവു കച്ചവടക്കാരുടെ പുനരധിവാസ പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ ജി.സി.ഡി.എയെക്കൂടി കക്ഷി ചേർക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. തുടർന്നാണ് ഇവരെ കക്ഷി ചേർത്തത്. തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്നും പുതിയ കച്ചവടക്കാരെ അനുവദിക്കരുതെന്നുമുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി വീണ്ടും നീട്ടി.