thunchath-ezhuthachan-mal

കൊച്ചി : മലയാളം സർവകലാശാലയിലെ 10 അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. യു.ജി.സി ചട്ടങ്ങൾക്കും സർവകലാശാലാ നിയമത്തിനും വിരുദ്ധമായാണ് നിയമനങ്ങളെന്നു കണ്ടെത്തിയാണ് നടപടി.

നിയമനത്തിന് അപേക്ഷിച്ചിരുന്ന ഡോ. പി. സതീശ്, ഡോ. എം.പ്രിയ എന്നിവർ ഉൾപ്പെടെ 10 പേർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി. കെ.ജയകുമാർ വൈസ് ചാൻസലർ ആയിരിക്കെ 2016 ജൂലായ് 22 നാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. യോഗ്യത സംബന്ധിച്ച 2010 ലെ യു.ജി.സി ചട്ടങ്ങൾക്കും മിനിമം യോഗ്യത സംബന്ധിച്ച 2016 ലെ മലയാള സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾക്കും വിരുദ്ധമായി നിയമനങ്ങൾ നടത്തിയെന്നായിരുന്നു ആക്ഷേപം. അസി. പ്രൊഫസർമാരുടെ നിയമനത്തിനായി രൂപം നൽകിയ സെലക്ഷൻ കമ്മിറ്റിയിൽ ബന്ധപ്പെട്ട വിഷയത്തിലെ വിദഗ്ദ്ധരുണ്ടായിരുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമോ വിശ്വാസയോഗ്യമോ അല്ല. അപേക്ഷകരുടെ യോഗ്യത വേണ്ട രീതിയിൽ വിലയിരുത്തിയില്ല. എസ്.സി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷം, സ്ത്രീ, ഭിന്നശേഷി വിഭാഗങ്ങളിൽ നിന്ന് അപേക്ഷ ലഭിച്ചാൽ ഇവരെ സെലക്ഷൻ കമ്മിറ്റിയിലേക്ക് വി.സിയോ പി.വി.സിയോ നാമനിർദ്ദേശം ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും കോടതി കണ്ടെത്തി.