ആലുവ: ഭരണ - പ്രതിപക്ഷ പോര് രൂക്ഷമായ ആലുവ നഗരസഭയിൽ കാര്യാലയത്തിന് മുന്നിലെ വാട്ടർ ഫൗണ്ടനിൽ വർഷങ്ങളായി വളർത്തുന്ന ഇരുപതോളം അലങ്കാര മത്സ്യങ്ങൾ ചത്തുപൊങ്ങിയത് പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. അപ്രതീക്ഷിതമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന്റെ കാരണം തിരയുകയാണ് അധികൃതർ.
ഇന്നലെ രാവിലെയാണ് മത്സ്യങ്ങൾ അബോധാവസ്ഥയിൽ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. കുറെ കഴിഞ്ഞപ്പോൾ ഒന്നിന് പിറകെ ഒന്നായി ആറെണ്ണം ചത്തു. ഇതോടെ വാട്ടർ ഫൗണ്ടനിലെ വെള്ളം വറ്റിക്കാൻ നഗരസഭ ആരോഗ്യവിഭാഗം തീരുമാനിച്ചു. ഫൗണ്ടനിലെ വെള്ളം വറ്റിച്ച് മത്സ്യങ്ങളെല്ലാം മറ്റൊരു ടാങ്കിലേക്ക് മാറ്റിയപ്പോഴേക്കും ഇരുപതോളം കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ചത്തിരുന്നു. മൂന്ന് കാർപ്പ് മത്സ്യത്തെയും 35 ആഫ്രിക്കൻ മൂഷിയെയുമാണ് ജീവനോടെ ലഭിച്ചത്. ഇവയെ വെള്ളം മാറ്റിയ ശേഷം വീണ്ടും ഫൗണ്ടനിൽ നിക്ഷേപിച്ചു.
തിങ്കളാഴ്ച്ച വൈകിട്ട് ഫൗണ്ടനിൽ പഫ്സിന്റെയും കാബേജിന്റെയും അവശിഷ്ടങ്ങൾ കൗൺസിലർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വെള്ളത്തിൽ എണ്ണമയവും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ആരോഗ്യവിഭാഗത്തെ അറിയിച്ചു. ഇന്നലെ രാവിലെ ഫൗണ്ടനിലെ വെള്ളം മാറ്റുന്നതിനും തീരുമാനിച്ചിരുന്നു. എന്നാൽ രാവിലെ ഉദ്യോഗസ്ഥർ വെള്ളം വറ്റിക്കാൻ നടപടികൾ സ്വീകരിച്ചപ്പോഴേക്കും മത്സ്യങ്ങൾ ചത്തുപെങ്ങുകയായിരുന്നു.
തിങ്കളാഴ്ച നഗരസഭ കാര്യാലയത്തിന് മുമ്പിൽ എൽ.ഡി.എഫിന്റെ സമരം നടന്നിരുന്നു. ഈ സമയത്ത് വെള്ളത്തിൽ എണ്ണമയം ശ്രദ്ധയിൽപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഭക്ഷ്യവസ്തുക്കൾ ഫൗണ്ടനിൽ വീഴാൻ ഇടയാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം ശനിയാഴ്ച്ച ചില സ്കൂൾ കുട്ടികൾ മത്സ്യങ്ങൾ കാണാൻ നഗരസഭ വളപ്പിൽ കയറിയിരുന്നെന്നും ഇവരിൽ ആരെങ്കിലും ഭക്ഷ്യവസ്തുക്കൾ വെള്ളത്തിലിട്ടതാകാനാണ് സാദ്ധ്യതയെന്നും പറയുന്നു.
നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡും പാർക്കും സ്വകാര്യ വ്യക്തിക്ക് പത്ത് വർഷത്തേക്ക് പാട്ടത്തിന് നൽകാൻ നീക്കം നടത്തുന്നതിന്റെ പേരിലും കേരളോത്സവത്തിന്റെ പേരിലും വിവാദം കത്തിനിൽക്കേയാണ് നഗരസഭ കാര്യാലയത്തിലെ മത്സ്യം ചത്തുപൊങ്ങിയ വിഷയവുമുണ്ടായത്.