പറവൂർ : പൊതു വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രതിഭയെത്തേടി വീട്ടിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മാല്യങ്കര എസ്.എൻ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പ്രമോദ് മാല്യങ്കരയുടെ വീട്ടിലെത്തി. സങ്കീർണമായ പാഠഭാഗങ്ങൾ പാട്ട്, വീഡിയോ രൂപത്തിൽ തയ്യാറാക്കിയത് പ്രമോദ് വിദ്യാർത്ഥികൾക്ക് കാട്ടിക്കൊടുത്തു. വിദ്യാർത്ഥികൾ ആവശ്യപ്പെട്ട അവരുടെ വിഷയങ്ങളും അദ്ദേഹം ഗാനരൂപത്തിലാക്കിയത് കുട്ടികൾക്ക് ആവേശം പകർന്നു. പതിനഞ്ചിലേറെ അദ്ധ്യാപക പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള പ്രമോദ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. സാമ്പത്തിക ശാസ്ത്രത്തിനു പുറമേ മന:ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ പ്രമോദ് ഇപ്പോഴും വിദൂര വിദ്യാഭ്യാസത്തിലൂടെ പഠിച്ചുകൊണ്ടിരിക്കുന്നു. പഠനകാലത്ത് കലോത്സവങ്ങളിൽ കലാപ്രതിഭയായിരുന്നു. മിമിക്രി, കഥാപ്രസംഗം, മൈം ,മോണോആക്ട് എന്നീ ഇനങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്. എസ്.എൻ.വി സ്കൂളിലെ മികച്ച സംഘാടകൻ കൂടിയായ പ്രമോദ് വ്യത്യസ്തവും പുതുമയാർന്നതുമായ ആശയങ്ങൾ കലാലയത്തിൽ കൊണ്ടുവന്ന അദ്ധ്യാപകനാണ്.
ഹെഡ് ഹെഡ്മിസ്ട്രസ് പി. ലത, ടി.കെ. ബിന്ദു, ശ്രീരാജ് തറയിൽ, പ്രീനാ പ്രസാദ്, എ.ആർ. പ്രശാന്ത്, പി.ടി.എ അംഗം എൻ.എസ്. ഷൈൻ എന്നിവരും വിദ്യാർത്ഥികളോടൊപ്പം സന്ദർശനത്തിനെത്തിയിരുന്നു.