ആലുവ: നഗരസഭയുടെ ബസ് സ്റ്റാൻഡ് നവീകരണം, കവലകളുടെ സൗന്ദര്യവത്കരണം, പാർക്ക് പുനരുദ്ധാരണം, സ്വാഗത കമാനങ്ങൾ തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനത്തിന് പത്ത് വർഷത്തേക്ക് നൽകുന്നതിനുള്ള നഗരസഭാ ഭരണസമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് പരാതി നൽകി.
തിങ്കളാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിെൽ പതിമൂന്നാമത്തെ അജണ്ടയായി സ്ഥാപനത്തിന് അനുമതി നൽകുന്നതിനായി ഉൾപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. ഒമ്പത് മാസം മാത്രം കാലാവധി ശേഷിക്കുന്ന നിലവിലെ ഭരണസമിതി തിടുക്കംകൂട്ടി പത്ത് വർഷത്തേക്ക് നഗരസഭയുടെ വസ്തുക്കൾ കൈമാറാനുള്ള നീക്കം ദൂരൂഹത നിറഞ്ഞതാണ്. ഇതിനായി സ്വകാര്യ സ്ഥാപനത്തെ തിരഞ്ഞടുത്ത മാനദണ്ഡം എന്താണെന്ന് ഭരണസമിതി വ്യക്തമാക്ക്കുകയോ മത്സരാടിസ്ഥാനത്തിൽ ടെണ്ടർ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.