ouseph

നെടുമ്പാശേരി: കൃഷിയിടത്തിൽ താഴ്ന്നുകിടന്ന വൈദ്യുതിലൈൻ കഴുത്തിൽതട്ടി കർഷകൻ ഷോക്കേറ്റ് മരിച്ചു. കുന്നുകര അയിരൂർ ചിറയ്ക്കൽ മണവാളൻ പൈലിയുടെ മകൻ ഔസേഫാണ് (75) മരിച്ചത്.

ഇന്നലെ രാവിലെ ഏഴോടെ ആറ്റുപുറം ചാലക്കുടിപ്പുഴ തീരത്തെ പാട്ടത്തിന് നടത്തുന്ന ഏത്തവാഴകൃഷിയിടത്തിൽ സഹായിയോടൊപ്പം മരുന്ന് തളിക്കാനെത്തിയപ്പോഴായിരുന്നു ദുരന്തം.

സപ്പോർട്ട് കേബിളിൽ നിന്ന് കെട്ടഴിഞ്ഞ് പറമ്പിൽനിന്ന് നാലടിയോളം മാത്രം ഉയരത്തിൽ താഴ്ന്ന് കിടക്കുകയായിരുന്നു വൈദ്യുതിലൈൻ. ഇത് ശ്രദ്ധയിൽപ്പെടാതെ നടന്ന് നീങ്ങുന്നതിനിടെയാണ് വൈദ്യുതിലൈൻ ഔസേഫിന്റെ കഴുത്തിൽ തട്ടിയത്. ഇതുകണ്ട് ഓടിയെത്തിയ സഹായി ഉണങ്ങിയ മരക്കൊമ്പുപയോഗിച്ച് ലൈൻ വേർപെടുത്തിയെങ്കിലും ഔസേഫ് ഷോക്കേറ്റ് അവശനിലയിലായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഉടനേ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അര നൂറ്റാണ്ടായി ആറ്റുപുറം മേഖലയിൽ കൃഷിയിടങ്ങൾ പാട്ടത്തിനെടുത്ത് ഏത്തവാഴ കൃഷി ചെയ്ത് വരികയായിരുന്നു ഔസേഫ്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം.

മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് അയിരൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചെറുകടപ്പുറം തറയിൽ കുടുംബാംഗം എൽസി. മക്കൾ: സിജോ, ബിജോ (ഇരുവരും ദുബായ്). മരുമക്കൾ: സുമി, രേഷ്മ.