thripthi

കൊച്ചി: കഴിഞ്ഞ സീസണിൽ പൊലീസ് സംരക്ഷണയിൽ ഭക്തരുടെ കണ്ണുവെട്ടിച്ച് ശബരിമലയിലെത്തി ദർശനം നടത്തിയ ബിന്ദു അമ്മിണിയുടെ ശ്രമം ഇത്തവണ ഫലിച്ചില്ല. മലചവിട്ടാനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ സ്വീകരിക്കാൻ കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്കു നേരെ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ മുളകുപൊടി പ്രയോഗം.

പൊലീസും കൈവിട്ട തൃപ്തിയും സംഘവും ഒരു പകൽ മുഴുവൻ നീണ്ട നാടകീയ രംഗങ്ങൾക്കു ശേഷം ദർശനമോഹം മനസ്സിലൊതുക്കി മടങ്ങുകയും ചെയ്തു.

ഇന്നലെ പുലർച്ചെ നാലേകാലിന് കൊച്ചിയിലെത്തിയ സംഘം രാത്രി എട്ടു മണിയോടെയാണ് പിന്തിരിയാൻ തീരുമാനിച്ചത്. വീണ്ടും വരുമെന്ന വെല്ലുവിളി മുഴക്കി, രാത്രി പത്തരയ്ക്കുള്ള വിമാനത്തിൽ സംഘം പൂനെയ്ക്കു മടങ്ങി. കമ്മിഷണർ ഓഫീസിൽ നിന്ന് പുറത്തിറക്കിയ സംഘത്തെ കൂകിവിളിച്ചാണ് കർമ്മസമിതി പ്രവർത്തകർ യാത്രയാക്കിയത്.

കഴിഞ്ഞ വർഷം ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയാണ് തൃപ‌്തിയേയും സംഘത്തെയും നെടുമ്പാശേരിയിൽ സ്വീകരിച്ചത്. അതിനിടെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതോടെ നെടുമ്പാശേരി പൊലീസിന്റെ സുരക്ഷ തേടി. ആരോ തരപ്പെടുത്തിക്കൊടുത്ത വാഹനത്തിൽ സംഘം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെത്തി. കമ്മിഷണർ ഓഫീസിനു മുന്നിൽ വച്ചാണ് ബിന്ദുവിന്റെ മുഖത്തേക്ക് ഹിന്ദു ഹെൽപ്പ് ലൈൻ കോ- ഓർഡിനേറ്റർ ശ്രീനാഥ് പദ്മനാഭൻ കുരുമുളക് സ്‌പ്രേ അടിച്ചത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആശുപത്രിയിൽ ചികിത്സ തേടിയ ബിന്ദുവിനെ പൊലീസ് പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

പൂനെയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ ആറംഗ സംഘം ആദ്യം നിലയ്‌ക്കലിലേക്ക് ടാക്സി വിളിച്ചെങ്കിലും ഡ്രൈവർമാർ തിരിച്ചറിഞ്ഞതോടെ പിൻവാങ്ങി. ഏഴു മണിയോടെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ കാണാൻ സംഘം എറണാകുളത്തെത്തിയത്. വിവരമറിഞ്ഞ് നൂറുകണക്കിന് കർമ്മസമിതി പ്രവർത്തകർ നാമജപത്തോടെ പ്രതിഷേധം തുടങ്ങി. കമ്മിഷണർ വിജയ് സാഖറെ തിരുവനന്തപുരത്ത് മീറ്റിംഗിലായിരുന്നു. ഒമ്പതു മണിയോടെ ഓഫീസിലെത്തിയ അഡി. കമ്മിഷണർ കെ.പി.ഫിലിപ്പ് തൃപ്‌തിയുമായി ചർച്ച നടത്തുകയും, സുരക്ഷ നൽകാനാവില്ലെന്ന് നിയമോപദേശമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യം എഴുതി നൽകണമെന്ന് തൃപ്‌തി ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല.

ഇതോടെ നിലപാടു മാറ്റിയ തൃപ്‌തി സ്വന്തം നിലയിൽ പമ്പയിലേക്ക് പോകുമെന്നറിയിച്ചു. ഇത് സുരക്ഷാ പ്രശ്‌നങ്ങൾക്കിടയാക്കുമെന്നു കാട്ടി പൊലീസ് തടഞ്ഞു. പൂനെയിലേക്കു മടങ്ങാൻ പൊലീസ് വാഹനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കാമെന്നു പറഞ്ഞെങ്കിലും അവർ തയ്യാറായില്ല. പൊലീസ് സുരക്ഷ നൽകില്ലെന്ന് വ്യക്തമാക്കിയതോടെ കർമ്മസമിതി രാവിലെ 11 മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു. അഡി. കമ്മിഷണറുമായി പലതവണ തൃപ്‌തി ചർച്ച നടത്തി. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ മടങ്ങാൻ സംഘം തീരുമാനിക്കുകയായിരുന്നു. രാത്രി എട്ടരയോടെ പൊലീസ് വാഹനത്തിലാണ് സംഘത്തെ വിമാനത്താവളത്തിലെത്തിച്ചത്.

മറ്റു മാർഗമില്ലാത്തതിനാൽ മടങ്ങുന്നു. അയ്യപ്പദർശനം നടത്തി വിജയിച്ചു മടങ്ങാൻ തിരിച്ചുവരും. ശബരിമലയിൽ പോയാൽ അക്രമമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

- തൃപ്തി ദേശായി