കൊച്ചി: മൂന്ന് ദിവസത്തെ രാജ്യാന്തര ബ്‌ളൂ ഇക്കോണമി കോൺഫറൻസായ അക്വാബെ 2019ന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കുണ്ടനൂരിലെ ലേ-മെരിഡിയൻ ഹോട്ടലിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ രാവിലെ 10 ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ മാറുന്ന സാമ്പത്തിക വ്യവസ്ഥയെ നിർണയാകമായി സ്വാധീനിക്കുന്ന ബ്‌ളു ഇക്കോണമി ആശയം ഇന്ത്യയിൽ എങ്ങിനെ നടപ്പിലാക്കണമെന്ന് ആസൂത്രണ വിദഗ്ദരും ശാസ്ത്രസമൂഹവും കൂടിയാലോചന നടത്തുന്ന വേദിയാകും അക്വാബെ 2019. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പടെയുള്ള വിവിധ ദേശിയ ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്ന കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത് കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയാണ് (കുഫോസ്).

ഇന്ത്യൻ മാഹാസമുദ്രത്തിന്റെ തീരം പങ്കിടുന്ന ഇന്ത്യയുൾപ്പടെയുള്ള 22 രാജ്യങ്ങളുടെ സംഘടനയായ ഇന്ത്യൻ ഓഷൻ റിം അസോസിയേഷന്റെ (അയോറ) പ്രത്യേക ബ്‌ളൂ ഇക്കോണമി സമ്മേളനവും അക്വാബെ 2019 നോട് അനുബന്ധിച്ച് നടക്കും. ഇന്ത്യയുൾപ്പടെയുള്ള അയോറ അംഗരാജ്യങ്ങളിലെ ഫിഷറീസ് ശാസ്ത്രജ്ഞരും സാമ്പത്തിക ആസൂത്രണ വിദഗ്ദരും അയോറ സമ്മേളനത്തിൽ പങ്കെടുക്കും.

588 കിലോ മീറ്റർ സമുദ്രതീരമുള്ള കേരളത്തിന് ഇന്ത്യയിൽ ബ്‌ളൂ ഇക്കോണമി പദ്ധതികൾ വിഭാവനം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും നിർണ്ണായകമായ പങ്ക് വഹിക്കാനാവും എന്നാണ് വിലയിരുത്തൽ. ഇത് കണക്കിലെടുത്താണ് അക്വാബെ 2019 ന്റെ പ്രധാന ചർച്ചാവിഷയങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്ന് കോൺഫറൻസിന്റെ മുഖ്യസംഘാടകനും കുഫോസ് വൈസ് ചാൻസലറുമായ ഡോ.എ.രാമചന്ദ്രൻ പറഞ്ഞു. അയോറ സെക്രട്ടറി ജനറൽ ഡോ. നോംവുയോ എൻ. നോക്വെ അക്വാബെ2019 ൽ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം ദൊരൈ സ്വാമി, എം.പി.ഇ.ഡി.എ ചെയർമാൻ കെ.ശ്രീനിവാസ്, കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എം.ഡി മധു.എസ്.നായർ, ഇൻകോയിസ് ഡയറക്ടർ ഡോ.സി.എസ്.ഷേണായി, നെതർലാന്റ് ഡെൽറ്റ് യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ.ബെർട്ട് എൻസേരിനിക് എന്നിവർ കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.