ആലുവ: സനയും മുഹമ്മദ് ഉമൈറും മുഹമ്മദ് ഉവൈസും കൗതുകത്തോടെയും അത്ഭുതം നിറഞ്ഞ മിഴികളോടെയുമാണ് പുതിയ ലോകം കണ്ടത്. അച്ഛനമ്മമാരോടൊപ്പം ജീവിതത്തിലാദ്യമായി വിദ്യാലയവും കൂട്ടുകാരെയും സ്‌കൂൾ അസംബ്ലിയും എല്ലാംകണ്ട് അവർ അമ്പരന്നു.
സ്‌നേഹത്തോടെ പൂക്കളും മധുരവും നൽകി അവരെ സ്വീകരിക്കാനായി ഹെഡ്മിസ്ട്രസ് ഗീതയുടെ നേതൃത്വത്തിൽ ധാരാളം പേർ കാത്തുനിന്നിരുന്നു. ആലുവ ഗവ.എച്ച്.എ.സി എൽ.പി സ്‌കൂളാണ് വേദി. ഉത്തർപ്രദേശിലെ വാതായൂ ജില്ലയിലെ നതായിൽ ഗ്രാമത്തിൽ നിന്ന് തൊഴിലന്വേഷിച്ച് ആലുവയിൽ എത്തിയതാണ് മുഹമ്മദ് ഷാഹാനും സൈനയും. മക്കളായ സന (7), മുഹമ്മദ് ഉമൈർ (6), മുഹമ്മദ്ഉവൈസ് (4) എന്നിവർക്ക് വിദ്യാലയങ്ങൾ അന്യമായിരുന്നു. സമഗ്രശിക്ഷാ കേരളം ആലുവ ബി.ആർ.സിയിലെ അദ്ധ്യാപികയായ രഹനാ ഹമീദാണ് ഇവരെ കണ്ടെത്തി സ്‌കൂൾ പ്രവേശനം ഉറപ്പാക്കിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് പ്രചോദനമാകുമെന്ന് സമഗ്ര ശിക്ഷാകേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഉഷ മാനാട്ട് അഭിപ്രായപ്പെട്ടു. അതിഥി കുട്ടികളെ സ്വീകരിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമായി ആലുവ എ.ഇ.ഒ ഷൈല പാറപ്പുറത്ത്, ബി.പി.ഒ കെ. ബിന്ദു, ബി.ആർ.സി അദ്ധ്യാപകരായ രഹനാഹമീദ്, ഷമീന
ബീഗം, പി.എ. സുപ്രഭ എന്നിവരും സ്‌കൂൾ പി.ടി.എ അംഗങ്ങളും എത്തിയിരുന്നു.