ആലുവ: കിഴക്കേദേശത്ത് റോഡ് തകർന്ന് തരിപ്പണമായത് ഇരുചക്രവാഹന യാത്രക്കാരെയും കാൽനട യാത്രക്കാരെയും ഉൾപ്പെടെ വലയ്ക്കുന്നു. ദേശംകടവ് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളേറെയായി. അപകടങ്ങൾ പതിവായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
കാൽനട യാത്രികർക്ക് റോഡിന്റെ മദ്ധ്യഭാഗത്തു കൂടി സഞ്ചരിക്കുവാനേ കഴിയൂ. തകർന്ന റോഡിലൂടെയുള്ള ഓട്ടം ക്ലേശകരമായതിനാൽ ബസുകളുൾപ്പടെയുള്ളവ ടാറിംഗ് വിട്ട് വശങ്ങളിലൂടെ ഓട്ടം നടത്തുന്നു. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ വരാതെയായി. റോഡിന്റെ അപകടകരമായ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. റോഡരികിലെ മൂന്നു തണൽ വടവൃക്ഷങ്ങൾ മാസങ്ങൾക്ക് മുമ്പ് വെട്ടിയിട്ടത് ഇപ്പോഴും റോഡരികിൽ കിടക്കുകയാണ്. ദേശം കുളിക്കടവിലേക്ക് കടക്കാനുള്ള പാതയും വെട്ടിയിട്ട വൃക്ഷത്തടികൾ തടസം സൃഷ്ടിച്ചിരിക്കുന്നു.