കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിൽ അന്വേഷണം തുടരാൻ മതിയായ വസ്തുതകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നിയമ വിദ്യാർത്ഥി അലൻ ഷുഹൈബ്, ജേണലിസം വിദ്യാർത്ഥി താഹ എന്നിവരെ നവംബർ ഒന്നിന് രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും മറ്റും പ്രതികളിൽ നിന്ന് കണ്ടെടുത്തിരുന്നു.
ഹൈക്കോടതി
പറഞ്ഞത് :
ലഘുലേഖകൾ പിടിച്ചെടുത്തത് കൊണ്ട് നിരോധിത സംഘടനയിലെ അംഗങ്ങളോ അനുഭാവികളോ ആണെന്ന് പറയാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ഇത്തരം സംഘടനകളുടെ പ്രവർത്തനം നിഗൂഢമായതിനാൽ തെളിവിനായി ഇപ്പോൾ നിർബന്ധിക്കാനാവില്ല.ആകാംക്ഷയോ, ജിജ്ഞാസയോ കൊണ്ട് മാവോയിസ്റ്റ് ലഘുലേഖകൾ വായിക്കാമെങ്കിലും ഇവയുടെ സ്വഭാവം പരിഗണിച്ചാൽ പ്രോസിക്യൂഷന്റെ വാദം തള്ളിക്കളയാനാവില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ചോദ്യം ചെയ്യുന്ന ചില രേഖകൾ കണ്ടെടുത്തതായി കേസ് ഡയറിയിൽ പറയുന്നു. അലന്റെ പക്കൽ നിന്ന് കണ്ടെടുത്ത ചില രേഖകൾ മാവോയിസ്റ്റ് സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങളും ഓപ്പറേഷൻ തന്ത്രങ്ങളും വ്യക്തമാക്കുന്നതാണ്. ഇത്തരം രേഖകൾ കൈവശമുള്ള ഒരാൾക്ക് സംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയാണ് ഇതു നൽകുന്നത്.
സർക്കാരിന്റെ വാദം
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഇലക്ട്രോണിക് ഉപകരണങ്ങളും കോഡ് ഭാഷയിലെഴുതിയ രേഖകളുമുണ്ട്. അലന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കാശ്മീരിലെ കലാപ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ഫോണിലുണ്ട്. ത്വാഹയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത മെമ്മറി കാർഡിൽ വിദ്വേഷകരമായ വസ്തുതകളുണ്ട്. ചില ഫയലുകൾ നശിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കണം. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമൻ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ഉസ്മാനെതിരെ പത്ത് കേസ് നിലവിലുണ്ട്. അഞ്ചെണ്ണം യു.എ.പി.എ കേസുകളാണ്.
ഹർജിക്കാരുടെ വാദം
പ്രതികൾ വിദ്യാർത്ഥികളാണ്. കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നവരാണ്. ലഘുലേഖകൾ പിടിച്ചെടുത്തെന്ന പേരിൽ തീവ്രവാദികളായി മുദ്ര കുത്തരുത്. അലന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോൺ മാത്രമാണ് ലഭിച്ചത്. . ലഘുലേഖകൾ പിടിച്ചെടുത്തതിന്റെ പേരിൽ നടപടി പാടില്ലെന്ന് വിവിധ കോടതി വിധികളുണ്ട്.