കൊച്ചി : ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതികൾ ഏതൊക്കെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് പറയുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച കോഴിക്കോട് സെഷൻസ് കോടതി, തീവ്രവാദ സംഘടനയുമായി സഹകരിച്ചെന്ന കുറ്റം നിലനിൽക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം നിരീക്ഷണങ്ങൾ ശരിയല്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണം പ്രാരംഭ ഘട്ടത്തിലായിരിക്കെ ഈ നിരീക്ഷണം ഒഴിവാക്കണമായിരുന്നെന്ന് സർക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോർണിയും വ്യക്തമാക്കി. സെഷൻസ് കോടതിയുടെ നിരീക്ഷണത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി,​ സെഷൻസ് - സ്പെഷ്യൽ കോടതികളും ഹൈക്കോടതികളും ഇങ്ങനെ അഭിപ്രായപ്പെടുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കി.

ഏതൊക്കെ കുറ്റങ്ങൾ നിലനിൽക്കുമെന്ന് തീരുമാനിക്കേണ്ടത് വിചാരണയിലാണ്. ജാമ്യാപേക്ഷകളിൽ പ്രതികളെ അന്വേഷണത്തിനായി കസ്റ്റഡിയിൽ വയ്‌ക്കേണ്ടതുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.