തൃക്കാക്കര : കളമശ്ശേരിയിലെ കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കാക്കനാട്ടെ ഇൻകലിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. 360 കോടി രൂപ മുതൽ മുടക്കി ഇൻകലിന്റെ ചുമതലയിൽ നിർമിക്കുന്ന കെട്ടിടത്തിന് വ്യാപകമായ അപാകതകളുണ്ട്. നിയമസഭാ സബ്ജക്ട് കമ്മിറ്റി വരെ അപാകതകൾ ആരോപിച്ച കെട്ടിടത്തിന്റെ നിർമാണം വിലയിരുത്താൻ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനും സർക്കാർ തയ്യാറാവണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ഡി.സി.സി. വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് റാഷിദ് ഉള്ളംപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.