കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിലത്ത് വീഴാൻ ഇനി വെറും 45 ദിവസങ്ങൾ മാത്രം. പൊളിക്കൽ നടപടിയുമായി സർക്കാർ സംവിധാനങ്ങൾ മുന്നോട്ടു പോകുമ്പോൾ ആശങ്കയൊഴിയാതെ കഴിയുകയാണ് സമീപവാസികൾ. ഫ്ളാറ്റ് പൊളിക്കലിന്റെ ആദ്യഘട്ടത്തിൽ തന്നെ ചുറ്റുമുള്ള വീടുകളുടെ ചുവരുകൾക്ക് വിള്ളൽ വീഴാനും ടൈലുകൾ ഇളകാനും തുടങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മരടിലെ കട്ടിലിൽ കിടക്കുകയായിരുന്നു ഹരിശ്ചന്ദ്ര സായി. പെട്ടെന്ന് കട്ടിലിൽ നിന്ന് ഉയർന്നുപൊങ്ങി. പുറത്തിറങ്ങി അന്വേഷിച്ചപ്പോൾ തൊട്ടപ്പുറത്തെ തറവാട്ടുവീട്ടിലും അതുതന്നെ അവസ്ഥ. 2013ൽ നിർമ്മിച്ച വീടിന്റെ ഗോവണിയിൽ വിള്ളൽ. കാരണം തേടി അധികം ദൂരം പോകേണ്ടി വന്നില്ല. ആറടി ദൂരത്തുള്ള ആൽഫ സറൈൻ ഫ്ലാറ്റിലെ പില്ലർ ജെ.സി.ബി ഉപയോഗിച്ചു പൊളിച്ചുമാറ്റുന്നുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ നഗരസഭാ ചെയർപേഴ്സണും മറ്റും ഇടപെട്ട് സബ് കളക്ടർ സ്നേഹിൽ കുമാറിനെ വിവരമറിയിച്ചു. സ്ഥലം സന്ദർശിച്ച അദ്ദേഹം പൊളിച്ചുമാറ്റൽ അശാസ്ത്രീയമാണെന്ന് കാട്ടി പൊളിക്കുന്നത് നിറുത്തിവെപ്പിച്ചു. എന്നാൽ ഇന്നലെ കാര്യങ്ങൾ വീണ്ടും മാറി. രാവിലെ എം.എൽ.എയും മറ്റും പങ്കെടുത്ത പ്രതിഷേധ യോഗത്തിന് ശേഷം ആളുകൾ പിരിഞ്ഞതോടെ വീണ്ടും ജെ.സി.ബി ഉപയോഗിച്ച് പണി തുടങ്ങി. ഹരിശ്ചന്ദ്ര സായിയുടെ വീട്ടിലെ വിള്ളലിന്റെ വലിപ്പവും കൂടി. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ഇന്നലെ പൊളിക്കൽ നിറുത്തിവപ്പിച്ചത്.
പൊളിക്കൽ ഈ നിലയ്ക്ക് പോവുകയാണെങ്കിൽ ജനുവരിയിൽ ഫ്ലാറ്റുകൾ നിലംപൊത്തും മുമ്പ് തങ്ങളുടെ വീടുകൾ നിലംപൊത്തുമെന്ന് ഹരിശ്ചന്ദ്ര സായിയുടെ അമ്മ ഹർഷമ്മ രാമകൃഷ്ണൻ പറയുന്നു. 2009ലും 2013ലും പണിത വീടുകളാണ് ഇവരുടേത്. എന്നിട്ടും ഇതാണ് അവസ്ഥ! ജനുവരി 11നും 12നും വെറും 6 സെക്കൻഡ് കൊണ്ട് 4 ഫ്ലാറ്റുകൾ നിലംപരിശാകുമെന്ന് പൊളിക്കാൻ കരാറേറ്റെടുത്ത കമ്പനി അധികൃതരും സർക്കാർ ഉദ്യോഗസ്ഥരും പറയുമ്പോൾ നെഞ്ചിടിക്കുന്നത് ഇവരുടേതാണ്. തങ്ങളുടെ ആശങ്കകൾക്ക് പരിഹാരമേകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് നടത്താനിരുന്ന യോഗങ്ങൾ ഇതുവരെ പൂർണ്ണമായി നടത്തിയിട്ടില്ല.
ഫ്ലാറ്റുടമകൾക്കും തൃപ്തിയായില്ല
അതേസമയം ഫ്ലാറ്റ് പൊളിച്ചുകഴിഞ്ഞാലുള്ള മാലിന്യ നിർമ്മാർജനത്തിന് തയ്യാറായി ഇതുവരെ നാല് കമ്പനികളാണ് ടെൻഡർ അപേക്ഷയുമായി വന്നത്. ഇതിൽ നഗരസഭാ അധികൃതർ തീരുമാനമെടുത്തിട്ടില്ല. ഫ്ലാറ്റുടമകൾക്കെല്ലാം ഒരു മാസത്തിനകം നഷ്ട പരിഹാരം നൽകണമെന്നാണ് ഒക്ടോബർ 25ന് സുപ്രീം കോടതി നൽകിയ ഉത്തരവ്. സുപ്രീംകോടതി നൽകാൻ ആവശ്യപ്പെട്ട 25 ലക്ഷം വീതമുള്ള നഷ്ടപരിഹാരം ഉടമകളുടെ രേഖകൾ പരിശോധിച്ച് ജസ്റ്രിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി അംഗീകരിക്കുകയും സർക്കാർ അനുവദിച്ചു ഉത്തരവായിട്ടുമുണ്ട്. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും മിക്ക ഫ്ലാറ്റ് ഉടമകൾക്കും തുക ഇതുവരെ ലഭിച്ചിട്ടില്ല. മൂന്നാഴ്ചയ്ക്കകം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ ഫ്ലാറ്റുടമകൾക്ക് ഒടുവിൽ നൽകിയ വിവരം.
'പരിസരവാസികളുടെ ആശങ്ക പരിഹരിക്കാൻ യോഗം വിളിച്ചു ചേർത്ത് ബോധവത്കരണം നടത്താമെന്ന് മേലുദ്യോഗസ്ഥർ പലതവണ പറഞ്ഞെങ്കിലും ഒന്നും നടപ്പായില്ല. ഇപ്പോഴും ആളുകളുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. വീട് മാറി താമസിക്കട്ടെ എന്ന് ആളുകൾ ചോദിക്കുന്നുണ്ട്.'
ടി.എച്ച് നദീറ
മരട് നഗരസഭ ചെയർപേഴ്സൺ