അങ്കമാലി: കുടുംബങ്ങളുടെ വിവരശേഖരണത്തിനായി അംഗൻവാടി പ്രവർത്തകർ സ്മാർട്ട്‌ഫോണുകളുമായി ഭവനങ്ങളിലേക്ക്. ദേശീയ പോഷകാഹാര മിഷന്റെ ഭാഗമായി അംഗനവാടികൾ മുഖേന നൽകി വരുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. വനിതാ ശിശുവികസനവകുപ്പ് ഇതിനായി സംസ്ഥാനത്തെ മുഴുവൻ അംഗനവാടി വർക്കർമാർക്കും സൗജന്യമായി സ്മാർട്ട് ഫോണുകൾ നൽകി. ഫോണുകളുടെ ഉപയോഗം, സർവേ വിവരങ്ങൾ സൂക്ഷിക്കൽ എന്നിവ സംബന്ധിച്ച് പരിശീലനപരിപാടിയും സംഘടിപ്പിച്ചു.
അങ്കമാലി ബ്ലോക്കിലെ 202 അംഗൻവാടി വർക്കർമാരും സ്മാർട്ട് ഫോണുമായി സർവേ ആരംഭിച്ചു. ബ്ലോക്ക്തല ഉദ്ഘാടനം മൂക്കന്നൂർ ചൂളപ്പുര അംഗൻവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം വർഗീസ്, ഗ്രേസി റാഫേൽ, വാർഡ് മെമ്പർമാരായ മോളി വിൻസെന്റ്, കെ.വി. ബിബീഷ്, ശിശുവികസന പദ്ധതി ഓഫീസർ എൻ.ദേവി, സൂപ്പർവൈസർ ടി.എ. മനീഷ, വർക്കർ എം.ജെ സിജി എന്നിവരോടൊപ്പം മുൻപഞ്ചായത്ത് പ്രസിഡന്റ് എം.പി. പൗലോസ് മാടശേരിയുടെ വീട് സന്ദർശിച്ച് ആദ്യത്തെ വിവരശേഖരണം നടത്തി.