nh-road-paravur
ദേശീയപാത തിരുത്തിപ്പുറത്തെ ഇടുങ്ങിയ റോഡ്.

പറവൂർ : മൂത്തകുന്നം - വരാപ്പുഴ റോഡിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നു. ഇന്നലെ മാത്രം രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളിൽ ഒരാൾ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു അപകടങ്ങളിലെയും പ്രധാന കാരണം റോഡിലെ വീതിക്കുറവാണ്.

ദിവസവും ദുരന്തവാർത്ത കേട്ടുണരേണ്ട സ്ഥിതിയാണ് നാട്ടുകാർക്ക്. ദേശീയപാത വികസനം, ബസുകളുടെ അമിതവേഗം, കണ്ടെയ്‌നർ ലോറിയുൾപ്പെടെയുള്ളവയുടെ ഗതാഗത നിയന്ത്രണം എന്നിവ പലപ്പോഴും അപകടങ്ങൾക്ക് ശേഷം ചർച്ചയാകും. ദേശീയപാതയ്ക്കായി സ്ഥലം എറ്റെടുത്തിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇടുങ്ങിയ റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് അറുതിയില്ല.

# ഇവിടങ്ങളിൽ റോഡ് തരിപ്പണം

ചെറിയപ്പിള്ളി, പറവൂർ പാലം, ചിറ്റാറ്റുകര, പട്ടണം കവല, മുനമ്പം കവല, പറയകാട്. രാവിലെയും വൈകിട്ടും ഗതാഗത കുരുക്കും രൂക്ഷമാണ്.

# വില്ലനാകുന്നത് വാഹനപ്പെരുപ്പവും വലിയവാഹനങ്ങളും

ദൈനംദിനമുള്ള വാഹനപ്പെരുപ്പവും കണ്ടെയ്‌നർ ലോറി അടക്കമുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരവുമാണ് അപകടങ്ങളും ഗതാഗതക്കുരുക്കും വർദ്ധിപ്പിക്കുന്നത്. മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ദേശീയപാതയോരത്ത് നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുമുണ്ട്. വർദ്ധിക്കുന്ന അപകടങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ ബന്ധപ്പെട്ടവർ കുടുതൽ കരുതലെടുക്കണം. സ്കൂൾ സമയത്ത് നിരോധനമുള്ള വാഹനങ്ങൾ പ്രധാന റോഡുകൾ ഒഴിവാക്കി മറ്റു വഴികളിലൂടെയാണ് പോകേണ്ടത്. എന്നാൽ പൊലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റും ഇത് വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ലെന്നാണ് സ്കൂൾ അധികൃതരുടെ പരാതി.