കൊച്ചി: സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്‌കൂളിൽ വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, അദ്ധ്യാപകൻ സി.വി. ഷജിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രതിഷേധത്തിന് പുകമറയാക്കാനെടുത്ത അനാവശ്യ കേസാണ് ഇതെന്നാണ് ഹർജിക്കാരുടെ വാദം. പാമ്പു കടിയേറ്റെന്നത് സംശയം മാത്രമാണെന്നും പോസ്റ്റ്മോർട്ടം നടത്തിയില്ലെന്നും ഷജിൽ ഹർജിയിൽ പറയുന്നു.
സംഭവമറിഞ്ഞപ്പോൾ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. പിന്നാലെ താനുൾപ്പെടെ അദ്ധ്യാപകർ ആശുപത്രിയിലെത്തിയെന്നും മോഹനൻ നൽകിയ ഹർജിയിൽ പറയുന്നു. ചികിത്സ നൽകുന്നതിൽ വീഴ്‌ചയുണ്ടായെന്ന ആരോപണം ശരിയല്ല. താലൂക്കാശുപത്രിയിലെ ഡോക്ടർ പരിശോധിച്ച് റിപ്പോർട്ട് നെഗറ്റീവാണെന്ന് പറഞ്ഞിരുന്നു. പിന്നീട് കുട്ടിയുടെ നില വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വരാന്തയിൽ കസേരയിലിരുന്ന ഷഹ്‌ലയ്‌ക്ക് ചുറ്റും കുട്ടികൾ കൂടി നിൽക്കുന്നതു കണ്ടാണ് സ്ഥലത്തെത്തിയതെന്ന് ഷജിലിന്റെ ഹർജിയിൽ പറയുന്നു. കുട്ടിക്ക് ശുദ്ധവായു ലഭിക്കട്ടെയെന്ന് കരുതിയാണ് മറ്റുള്ളവരെ ക്ലാസിലേക്ക് വിട്ടത്. അദ്ധ്യാപകർക്കൊപ്പം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും അഭിഭാഷകനായ പിതാവെത്തി കൊണ്ടുപോയെന്നും ഷജിൽ പറയുന്നു.
ഡോക്ടറും മുൻകൂർ ജാമ്യാപേക്ഷ നൽകി
കേസിൽ മുൻകൂർ ജാമ്യം തേടി ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. നവംബർ 20ന് വൈകിട്ട് 4.10നാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. കാലിൽ പാമ്പുകടിയേറ്റതുപോലെ അടയാളമുണ്ടായിരുന്നു. എന്നാൽ പാമ്പു കടിച്ചതാണെന്ന് പിതാവിനും കുട്ടിക്കും ഉറപ്പുണ്ടായിരുന്നില്ല. ഏറെ വൈകിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഇക്കാര്യത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ട്. കാഴ്ചയ്ക്ക് മങ്ങലില്ലെന്ന് കുട്ടി ആദ്യം പറഞ്ഞിരുന്നു. ശ്വാസഗതി സാധാരണ നിലയിലായിരുന്നു. എന്നാൽ നടക്കാൻ പറഞ്ഞപ്പോൾ കണ്ണു തുറക്കാൻ കഴിയുന്നില്ലെന്ന് കുട്ടി പറഞ്ഞു. പിന്നീടുള്ള പരിശോധനയിലാണ് പാമ്പു കടിച്ചെന്ന് വ്യക്തമായത്. ഈസമയം വേണ്ടത്ര ആന്റിവെനം (പ്രതിവിഷം) ആശുപത്രിയിലുണ്ടായിരുന്നില്ല. പീഡിയാട്രിക് വെന്റിലേറ്ററില്ലാത്തതിനാൽ ആന്റിവെനം നൽകാൻ പിതാവ് സമ്മതിച്ചില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെന്നും ഡോ. ജിസയുടെ ഹർജിയിൽ പറയുന്നു.