കൊച്ചി: ഇന്ത്യൻ നഴ്‌സുമാർക്ക് ജർമ്മനിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അധിക ചെലവ് ഒഴിവാക്കാനും വിദ്യാഭാരതി ഗ്രൂപ്പും ജർമ്മനിയിലെ കോൺട്രാഡിയ ഇന്റർനാഷണൽ യു.ജിയും ധാരണയിലെത്തി. ധാരണാപത്രം കൊച്ചിയിൽ നടന്ന ചടങ്ങിൽ വി.ബി. ഗ്രൂപ്പ് ചീഫ് പേട്രണും വൈബ്‌സ് മാനേജിംഗ് ഡയറക്ടറുമായ എൻ.എ മുഹമ്മദ് കുട്ടിയും കോൺട്രാഡിയ ഇന്റർനാഷണൽ യു.ജി ജർമ്മനി സ്ഥാപകനും സി.ഇ.ഒയുമായ ഹെൻറിച്ച് ഗെർഡ് വിറ്റെയും കൈമാറി.
ജർമ്മനിയിൽ തൊഴിലവസരങ്ങൾ തേടുന്ന നഴ്‌സുമാർക്ക് പഠനകാലയളവിൽ തന്നെ വിദ്യാഭാരതിയിൽ ജർമ്മൻ ഭാഷയിൽ പരിശീലനം നൽകും. ഇതിനായി നഴ്‌സിംഗ് സ്ഥാപനങ്ങളുമായും ധാരണയുണ്ടാക്കും. വിദ്യാഭാരതിയുടെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജർമ്മനിയിലേക്കുള്ള ടിക്കറ്റ് നിരക്കും കുറയ്ക്കും. ഐ.ഇ.എൽ.ടി.എസ് ഫീസും ജോലിയിൽ പ്രവേശിച്ചാൽ തിരികെ നൽകും.
ഭാഷാ പരിശീലനത്തിന് ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് മുഹമ്മദ്കുട്ടി പറഞ്ഞു. അടുത്ത വർഷം 84,000 തൊഴിലവസരങ്ങളാണ് നഴ്‌സിംഗ് മേഖലയിൽ പ്രതീക്ഷിക്കുന്നത്. പത്ത് വർഷത്തിനുള്ളിൽ ഇത് രണ്ട് ലക്ഷമാകും. ഭാഷ പരിശീലനം നേടിയാൽ ഇന്ത്യൻ നഴ്‌സുമാർക്ക് അവസരംലഭിക്കുമെന്ന് വി.ബി ഗ്രൂപ്പ് ജോയിന്റ് ഡയറക്ടർ ഡോ. എച്ച്. എ. മുനാഫ് പറഞ്ഞു. കോൺട്രാഡിയ സഹ സ്ഥാപകരായ ഫ്രാങ്ക് ക്രൂസ്, അഭിഷേക് സിംഗ്, വൈബ്‌സ് ഡയറക്ടർ റസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.