കൊച്ചി: ഡിസൈൻ (രൂപകല്‌പന) ഹബ്ബായി കേരളത്തെ മാറ്റാനായി സംസ്ഥാന സർക്കാർ കൊച്ചിയിൽ സെന്റർ ഒഫ് എക്‌സലൻസ് ഇൻ ഡിസൈൻ ആരംഭിക്കും. ഐ.ടി വകുപ്പ് ആരംഭിക്കുന്ന കേന്ദ്രത്തിൽ ലോകത്തെ വൻകിട ഡിസൈൻ സ്ഥാപനങ്ങൾ പങ്കാളികളാകും. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ളക്‌സിലാണ് കേന്ദ്രം ആരംഭിക്കുന്നതെന്ന് ഐ.ടി വകുപ്പ് ഉന്നതവൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു.
പതിനായിരം ചതുരശ്രയടി സ്ഥലത്ത് സൗകര്യങ്ങൾ ഒരുക്കും. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യം. ഐ.ടി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന സ്ഥാപനം പിന്നീട് സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിധത്തിലാണ് ഒരുക്കുക.
വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും രൂപകല്പനയ്ക്ക് ലോകവ്യാപകമായി വിപുലമായ സാദ്ധ്യതകളുണ്ട്. വികസിത രാജ്യങ്ങളിലെയും ഇന്ത്യയിലെയും വൻകിട ഡിസൈൻ സ്ഥാപനങ്ങളുടെ തലപ്പത്ത് നിരവധി മലയാളികളുണ്ട്. ഇന്ത്യയിലെ പ്രമുഖ ഡിസൈനർമാർ മലയാളികളാണ്. കേരളത്തിൽ തന്നെ അവർക്ക് സാദ്ധ്യതകൾ ഒരുക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.
രൂപകല്പനയ്ക്ക് ആവശ്യമായ സോഫ്‌റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ, ത്രീഡി പ്രിന്റർ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
കമ്പനികൾക്കും പ്രൊഫഷണലുകൾക്കും പ്രത്യേകം സൗകര്യങ്ങൾ ലഭ്യമാക്കും. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങളുമായി യോജിച്ച് പ്രവർത്തിക്കാനും അവസരമൊരുക്കും. ലോകത്തെ പ്രമുഖരായ 15 സ്ഥാപനങ്ങളുമായി പങ്കാളിത്തം സംബന്ധിച്ച ചർച്ചകൾ അധികൃതർ നടത്തി. സാംസംഗിന്റെ ഉത്പന്നങ്ങൾ ഡിസൈൻ ചെയ്യുന്ന അമേരിക്കയിലെ സിലിക്കൺവാലി ആസ്ഥാനമായ ലൂമിനിയം ഡിസൈൻസ് കൊച്ചിയിൽ പങ്കാളിയായിക്കഴിഞ്ഞു.
ഡിസൈൻ ചെയ്യുന്നവ
ഇലക്ട്രോണിക് ഉത്പന്നങ്ങൾ
ദൃശ്യ, ശ്രവ്യ, അച്ചടി പരസ്യങ്ങൾ
പുതിയ കെട്ടിടങ്ങളുടെ ഡിസൈൻ
അനിമേഷൻ ചിത്ര നിർമ്മാണം
സിനിമകളുടെ സ്‌പെഷ്യൽ ഇഫക്ട്സ്
ഏതുതരം ഉത്പന്നങ്ങളും
തൊഴിൽ സാദ്ധ്യത
വലിയ തൊഴിൽ സാദ്ധ്യതകൾ കേന്ദ്രത്തിനുണ്ട്. ഡിസൈൻ കേന്ദ്രങ്ങളുടെ 80 ശതമാനം മനുഷ്യർ ചെയ്യേണ്ടതാണ്. ബാക്കി 20 ശതമാനമാണ് കമ്പ്യൂട്ടറും സോഫ്‌റ്റ്‌വെയറും നിർവഹിക്കുക. അതിനാൽ മനുഷ്യവിഭവശേഷി പ്രധാനമാണ്. കലാമികവും പുതിയ ആശയങ്ങളുമുള്ളവർക്കും ഡിസൈൻ രംഗത്ത് ഉയർന്ന വേതനത്തോടെ തൊഴിൽ നേടാൻ കഴിയും.