പെരുമ്പാവൂർ: നഗരമദ്ധ്യത്തിൽ യുവതിയെ കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. പ്രതി അസം ന്യൂഗാവ് ജില്ലയിൽ ഇസ്ലാമ്പതി മസ്ജിദ് ഖലിയിൽ ഉമർഅലിയെ (27) പൊലീസ് അറസ്റ്റ് ചെയ്തു.
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശത്തുളള ഹോട്ടൽ ഇന്ദ്രപ്രസ്ഥയ്ക്കരികിലെ ചെറിയ ഇടവഴിയോട് ചേർന്ന വരാന്തയിലാണ് ഇന്നലെ രാവിലെ തുരുത്തി സ്വദേശിനി 38കാരിയുടെ പൂർണ്ണനഗ്നമായ ജഡം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി 1.15നായിരുന്നു സംഭവം. ലൈംഗിക തൊഴിലാളിയാണ് യുവതിയെന്ന് സൂചനയുണ്ട്. യുവതിയെ വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷമാണ് മാനഭംഗപ്പെടുത്തിയത്. തുടർന്ന് കൈക്കോട്ട് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതെല്ലാം പതിഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലയിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം കാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ അതും തല്ലിപ്പൊളിച്ചു. ഇന്നലെ രാവിലെ അഞ്ചരയ്ക്ക് ഹോട്ടൽ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
വിവാഹബന്ധം വേർപെടുത്തി കഴിയുകയായിരുന്നു യുവതി. പിന്നീട് ഒരു ഉത്തരേന്ത്യക്കാരനൊപ്പം കുറച്ചുനാൾ കഴിഞ്ഞിരുന്നു. രാവും പകലും നഗരത്തിൽ തന്നെയാണ് ഇവരുടെ ജീവിതമെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ ഉമർ അലിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾ പെരുമ്പാവൂരിലും പരിസരത്തും കൂലിപ്പണിയെടുത്ത് ജീവിക്കുന്നയാളാണ്. കടത്തിണ്ണകളിലായിരുന്നു താമസം. കൈക്കോട്ടും യുവതിയുടെ വസ്ത്രവും സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.
രക്തമുറയുന്ന
ദൃശ്യങ്ങൾ
• ചുരിദാറിന്റെ ചുവപ്പ് ടോപ്പ് മാത്രം ധരിച്ച യുവതിയെ മുടിക്കുത്തിൽ ചുറ്റിപ്പിടിച്ച് ഉമർഅലി തറയിലൂടെ വലിച്ചിഴച്ച് ഹോട്ടലിനരികിലേക്ക് കൊണ്ടുവരുന്നു. അർദ്ധബോധവസ്ഥയിലാണെങ്കിലും യുവതി അലറി വിളിക്കുന്നുണ്ട്.
• വരാന്തയിൽ എത്തിച്ച് മുടിയിൽനിന്ന് പിടിവിട്ടശേഷം മറുകൈയിലെ കൈക്കോട്ടിന്റെ പിടി കൊണ്ട് ഉമർഅലി യുവതിയുടെ തലയ്ക്കടിച്ചു. അടി കൊണ്ടയുടൻ ചലനമറ്റു.
• ചുരിദാറിന്റെ ടോപ്പ് തലയിലൂടെ ഊരിപ്പറിച്ചെടുത്തശേഷം അഞ്ച് മിനിറ്റോളം ലൈംഗികബന്ധം. തുടർന്ന് എഴുന്നേറ്റ് കൈക്കോട്ടുകൊണ്ട് തലയിൽ ആഞ്ഞടിച്ച് മരണം ഉറപ്പാക്കി. പിന്നെ പരിസരം വീക്ഷിച്ചപ്പോഴാണ് കാമറ കണ്ടത്. ഉടനെ കൈക്കോട്ടുകൊണ്ട് കാമറയിൽ അടിക്കുന്നു.