കൊച്ചി: കണ്ണൂർ കനകമലയിൽ രഹസ്യയോഗം ചേർന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാലയങ്ങൾ തകർക്കാനും ഹൈക്കോടതി ജഡ്ജിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുൾപ്പെടെ പ്രമുഖരെ കൊലപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന കേസിലെ ഒന്നാംപ്രതി തലശേരി ചൊക്ളി സ്വദേശി മൻസീദ് എന്ന ഒമർ അൽ ഹിന്ദിക്ക് എൻ.ഐ.എ കോടതി 14 വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. യു.എ.പി.എയിലെ വിവിധ വകുപ്പുകൾ പ്രകാരം 55 വർഷം കഠിനതടവും 15,000 രൂപയുമാണ് പിഴ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാലാണ് 14 വർഷമായി കുറഞ്ഞത്.
വിവിധ വകുപ്പുകളിലായി കേസിലെ രണ്ടാം പ്രതി തൃശൂർ വെങ്ങാനല്ലൂർ സ്വദേശി ടി. സ്വാലിഹ് മുഹമ്മദിന് 10 വർഷവും 15000 രൂപയും മൂന്നാംപ്രതി റാഷിദ് അലിക്ക് എഴു വർഷവും 15,000 രൂപയും, നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി റംഷീദ് നാങ്കിലന് മൂന്നു വർഷവും 25,000 രൂപയും, അഞ്ചാം പ്രതി മലപ്പുറം തിരൂർ സ്വദേശി സഫ്വാന് എട്ടു വർഷവും 10,000 രൂപയും, എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദീന് മൂന്നു വർഷവും 5000 രൂപയുമാണ് ശിക്ഷ. 2016 ലാണ് പ്രതികൾ അറസ്റ്റിലായത്. വിചാരണത്തടവുകാരായി ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ കുറവു ചെയ്യും. അതിനാൽ നാലാം പ്രതി റംഷാദ് നാങ്കിലൻ 25,000 രൂപ പിഴയടച്ച് ജയിൽ മോചിതനായി. എട്ടാം പ്രതി മൊയ്നുദ്ദീന്റെ ശിക്ഷാ കാലാവധി അടുത്ത ഫെബ്രുവരിയിൽ കഴിയും.
കേസ് ഇങ്ങനെ
2016 ഒക്ടോബർ രണ്ടിന് പ്രതികൾ കനകമലയിൽ ഒത്തുചേർന്ന് അൻസാർ ഉൽ ഖലീഫ (കേരള) എന്ന പേരിൽ തീവ്രവാദ സംഘടനയായ ഐസിസിന്റെ ഒരു യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചു. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കാനും പ്രമുഖരെ ആക്രമിക്കാനും ആയിരുന്നു പദ്ധതി. കേസിലെ ആറാം പ്രതി എൻ.കെ. ജാസിമിനെ കോടതി വെറുതേ വിട്ടിരുന്നു. ഏഴാംപ്രതി കോഴിക്കോട് മംഗലശേരി ഷജീർ അഫ്ഗാനിസ്ഥാനിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തമിഴ്നാട്ടിൽ ജൂത വിനോദസഞ്ചാരികളെത്തുന്ന വട്ടക്കനാലിൽ ആക്രമണം നടത്താൻ പ്രതികൾ തസ്വീർ എന്ന പേരിൽ ടെലിഗ്രാം മെൊബൈൽ ആപ്ളിക്കേഷനിൽ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. 2016 ൽ മറൈൻഡ്രൈവിൽ നടന്ന ജമാ അത്തെ ഇസ്ളാമിയുടെ സമ്മേളനത്തിലേക്ക് ട്രക്ക് ഒാടിച്ചുകയറ്റാനും പ്രതികൾ പദ്ധതി ആസൂത്രണം ചെയ്തു.