kunjiraman-mla

കാഞ്ഞങ്ങാട്: ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനോടാ കളി ! അതും പൂരക്കളി. പ്രായത്തെ വെല്ലുന്ന മെയ്‌വഴക്കത്തിൽ എം.എൽ.എ ഇളമുറക്കാർക്കൊപ്പം ചവിട്ടിയുയർന്ന് കൈകൊട്ടി പാടി. നാരായണ... നാരായണ... വാസുദേവ കൈതൊഴുന്നേ ആഴിയതിൽ പള്ളികൊള്ളും ആഴിമാതാ വാഴും ദേവൻ... ആയോധനവിദ്യയുടെ ചിട്ടവട്ടങ്ങൾ തെറ്റാതെ നടുറോഡിന് സമീപം എം.എൽ.എ ചുവടുകൾ വച്ചപ്പോൾ ആൾക്കൂട്ടം വട്ടം കൂടി.

സ്‌കൂൾ കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് കുഞ്ഞിരാമനും 60 കുട്ടികളും പൂരക്കളി കളിച്ചത്. കമ്മ്യൂണിസ്‌റ്റ് എം.എൽ.എ കൂടിയായ കുഞ്ഞിരാമനാണ് ഈ ക്ഷേത്രകലയെ പുറം ലോകത്തേയ്‌ക്ക് ഇറക്കിവിട്ടത്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ദേവീ ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങിയ പൂരക്കളി ഇന്ന് പൊതുവേദികളിലും കലോത്സവങ്ങളിലും ഗ്ലാമർ ഇനമാണ്.

മെയ്‌വഴക്കം ചെറുപ്പത്തിൽ

കുഞ്ഞിരാമന്റെ ഇളയച്‌ഛൻ ആലങ്ങോട് കൃഷ്ണൻ മണിയാനി പൂരക്കളി കലാകാരനായിരുന്നു. വീട്ടു മുറ്റത്തെ പരിശീലനം കണ്ടും കേട്ടും പഠിച്ച് പിന്നീട് കുഞ്ഞിരാമനും കളത്തിലിറങ്ങുകയായിരുന്നു. മീനമാസത്തിലെ പൂരവുമായി ബന്ധപ്പെട്ട് ദേവീ ക്ഷേത്രങ്ങളിൽ പത്തു ദിവസം മാത്രമായിരുന്നു കളി. തീയ്യ, ഈഴവ സമുദായങ്ങളാണ് അവതരിപ്പിച്ചിരുന്നത്. കാമദേവനെ സ്തുതിക്കുന്നുവെന്നാണ് സങ്കൽപ്പം. രാമായണ, മഹാഭാരതം കഥകളെ ബന്ധപ്പെടുത്തിയുള്ളതാണ് പാട്ടുകൾ. ആദ്യ കാലത്ത് സ്‌ത്രീകൾ അവതരിപ്പിച്ചിരുന്ന കലാരൂപം പിന്നീട് പുരഷൻമാർ ഏറ്റെടുത്തു. ഉടുപ്പൂരി മുണ്ട് താറുവാച്ചിയുള്ള കച്ചയും ചിറയുമാണ് വേഷം. ഇതിൽ ചുവന്ന പട്ടും കറുത്ത തുണിയും സമുദായ ചിഹ്നങ്ങളെ സൂചിപ്പിക്കുന്നു. പതിനെട്ട് തരം കളികളുണ്ട്. ഇതു മുഴുവൻ ചെയ്യാൻ നാലു മണിക്കൂർ വേണം. പൊതുസ്ഥലങ്ങളിൽ മെയ്‌വഴക്കത്തിലെ സുപ്രധാന ഭാഗങ്ങളാണ് അവതരിപ്പിക്കുന്നത്. പതിഞ്ഞു മുറുകുന്നതാണ് താളം. ക്ഷേത്രങ്ങളിൽ ഇതിന്റെ ചില ചടങ്ങുകളുമുണ്ട്. ഓലമേഞ്ഞ പന്തൽ അലങ്കരിച്ച് നിലവിളക്ക് കൊളുത്തി വട്ടത്തിലാണ് ക്ഷേത്രങ്ങളിൽ പൂരക്കളി.

വി.പി.സിംഗ് കണ്ട പൂരക്കളി

കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലാണ് ആദ്യമായി പുറത്തു പോയി കളിച്ചത്. പിന്നീട് കലാമണ്ഡലത്തിന്റെ വജ്രജൂബിലി ആഘോഷത്തിന് അന്നത്തെ പ്രധാനമന്ത്രി വി.പി.സിംഗിന് മുന്നിൽ അവതരിപ്പിച്ചു. തടിത്തട്ടിലുള്ള സ്‌റ്റേജിൽ ചാടുന്നതിന്റെ ശബ്‌ദവും മാറ്റു കൂട്ടിയപ്പോൾ വി.പി.സിംഗ് അതിയായി സന്തോഷിച്ച കാര്യം കുഞ്ഞിരാമൻ പങ്കുവച്ചു. പിന്നീട് കൊല്ലൂർ മുകാംബിക ക്ഷേത്രത്തിലും അവതരിപ്പിച്ചു. ഇതോടെ ക്ഷേത്രങ്ങളിൽ നിന്ന് കലയെ പുറംലോകത്തെത്തിച്ചു. പയ്യന്നൂർ എം.എൽ.എയായിരുന്ന കുഞ്ഞമ്പുമാണ് സ്‌കൂൾ കലോത്സവത്തിൽ പൂരക്കളിയെ ഉൾപ്പെടുത്താൻ പ്രയത്നിച്ചത്.

കല നാടറിഞ്ഞു

ക്ഷേത്രങ്ങളിൽ മാത്രം പൂരക്കളി നിന്നാൽ നശിക്കുമെന്ന് തോന്നി. ചെറുപ്പക്കാർ പഠിക്കാൻ വരുന്നത് കുറഞ്ഞു. ഇപ്പോൾ എല്ലാ സമുദായക്കാരും പഠിക്കുന്നുണ്ട്. കലാകാരൻമാർക്ക് പെൻഷനുമുണ്ട്. ഇപ്പോഴാണ് ഈ കല നാടറിഞ്ഞത്.

കെ.കുഞ്ഞിരാമൻ

ഉദുമ എം.എൽ.എ