കൊച്ചി : നഗരത്തിലെ ചിറ്റൂർ റോഡിന്റെ അറ്റകുറ്റപ്പണി പാതിയിൽ നിറുത്തിയതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി കൊച്ചി കോർപ്പറേഷനോടു ചോദിച്ചു. ഇക്കാര്യത്തിൽ നഗരസഭ വിശദീകരണം നൽകാൻ നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഇതു സംബന്ധിച്ച സന്ദേശം കോടതിക്ക് ലഭിച്ചെന്നും വാക്കാൽ പറഞ്ഞു. എറണാകുളം നഗരത്തിലെ പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി തേടി തേവര ചക്കാലയ്ക്കൽ റോഡ് ജോയ് മാത്യു നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും നഗരസഭ അറിയിച്ചു. തുടർന്ന് ഹർജി ഡിസംബർ അഞ്ചിന് പരിഗണിക്കാൻ മാറ്റി

 നഗരസഭ കള്ളം പറയരുതെന്ന് പൊലീസ് !

പണ്ഡിറ്റ് കറുപ്പൻ റോഡിലെ അറ്റകുറ്റപ്പണികൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിന് അപേക്ഷ നൽകിയെങ്കിലും അവർ പരിഗണിച്ചില്ലെന്ന നഗരസഭയുടെ വിശദീകരണത്തിനെതിരെ സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് നൽകി. കഴിഞ്ഞ സെപ്തംബർ 20 മുതൽ 23 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ അപേക്ഷ സെപ്തംബർ 18 ന് ലഭിച്ചിരുന്നു. മൂന്നു ദിനങ്ങളിലും രാത്രി ഒമ്പതു മുതൽ രാവിലെ ആറുവരെയാണ് ഗതാഗത നിയന്ത്രണം ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് സെപ്തംബർ 20 ന് തന്നെ ഉത്തരവിറക്കി. എന്നാൽ നഗരസഭാ ഉദ്യോഗസ്ഥരാരും ഇൗ ഉത്തരവു കൈപ്പറ്റിയില്ല. രണ്ടു പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്കും നിയോഗിച്ചിരുന്നു. നഗരസഭയുടെ വീഴ്ച മറയ്ക്കാൻ പൊലീസിനെ പഴി ചാരുകയാണ്. നഗരത്തിലെ മൂന്നു റോഡുകളുടെ അറ്റകുറ്റപ്പണിക്കായി നവംബർ 23 മുതൽ 30 വരെ ഗതാഗത നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് നവംബർ 15 ന് അപേക്ഷ നൽകിയിരുന്നു. ഇത് അന്നു തന്നെ അനുവദിച്ചിട്ടുണ്ടെന്നും അസി. കമ്മിഷണർ വ്യക്തമാക്കുന്നു.