കൊച്ചി : സ്വത്തു തട്ടിയെടുക്കാൻ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി രായമംഗലം പോണേക്കുടി വീട്ടിൽ അനിൽ കുമാറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷയും 50,000 രൂപ പിഴയും ഹൈക്കോടതി ശരിവച്ചു. എറണാകുളം അഡി. സെഷൻസ് കോടതി വിധിച്ച ശിക്ഷക്കെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. സ്വത്തിനുവേണ്ടി അനിൽകുമാർ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. തുടർന്ന് 2010 ൽ ഉപദ്രവം സഹിക്കാനാവാതെ ഭാര്യ ആത്മഹത്യ ചെയ്യാൻ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു. ഇൗ സമയം പ്രതി തീകൊളുത്തിയെന്നാണ് കേസ്. അനിൽകുമാറാണ് തീ കൊളുത്തിയതെന്ന് യുവതി മജിസ്ട്രേട്ടിന് മൊഴി നൽകിയിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടർമാരോടും അനിൽകുമാറാണ് തീ കൊളുത്തിയതെന്ന് യുവതി പറഞ്ഞിരുന്നെന്നും ഇയാളാണ് പ്രതിയെന്ന് മകൻ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇൗ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി ശിക്ഷ ശരിവച്ചത്.