അങ്കമാലി : അങ്കമാലി ദേശീയപാതയിലെ ബാങ്ക് കവലയിൽ കാഴ്ച്ച മറക്കുംവിധം റോഡിലേക്ക് തള്ളി നിന്നിരുന്ന കെട്ടിടത്തിന്റെ ഭാഗം നഗരസഭ പൊലീസ് സംരക്ഷണത്തിൽ പൊളിച്ചുനീക്കി. കെട്ടിടത്തിന്റെ അൻപത് ചതുരശ്രഅടി വിസ്തീർണമാണ് പൊളിച്ച് നീക്കിയത്. കഴിഞ്ഞദിവസം ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. ഇതിന് ജില്ലാ ഭരണകൂടത്തിന്റെയും
ജില്ലാ പൊലീസ് മേധാവിയുടെയും സഹായം കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച ഈ കവലയിൽ ഓട്ടോറിക്ഷയിൽ സ്വകാര്യ ബസ് ഇടിച്ച് നാല് പേർ
തത്ക്ഷണം മരിച്ചിരുന്നു. തുടർന്നുണ്ടായ ജനവികാരമാണ് പൊളിക്കൽ നടപടിക്ക് വേഗംകൂട്ടിയത്. ബാങ്ക് കവലയിൽ അടിക്കടി അപകടങ്ങൾ പതിവാണ്. റോഡിലേക്ക് തള്ളിനിൽക്കുന്ന കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിച്ച്
നീക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
ബസിലിക്ക പള്ളിഭാഗത്ത് നിന്നും ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങളുടെ
കാഴ്ച പൂർണമായും മറയ്ക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ
സ്ഥിതി ചെയ്തിരുന്നത്.
ചെയർപേഴ്‌സസൻ എം.എ.ഗ്രേസി, വൈസ് ചെയർമാൻ എം.എസ്. ഗിരീഷ് കുമാർ, സ്ഥിരം
സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, സെക്രട്ടറി ബീന എസ്.കുമാർ, മുനിസിപ്പൽ
എൻജിനിയർ ശരത് ബി ജോഷി , നഗരസഭ, കെസ്.ഇ.ബി.ഉദ്യോഗസ്ഥർ, സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ്
റിയാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.