മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡ റി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ മുന്നൂറിലധികം വീടുകളിൽ നിന്നുംനൂറ്റി ഒന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.ഇവ തരം തിരിച്ച് റീസൈക്ലിംഗിനായി കൈമാറി. വാർഡിലെ മുഴുവൻ വീടുകളിലും പ്ലാസ്റ്റിക് ഉപയോഗവുമായി ബന്ധപ്പെട്ട് സർവ്വെ നടത്തിയിരുന്നു. തൊണ്ണൂറ് ശതമാനം പേരും പ്ലാസ്റ്റിക് കത്തിച്ചു കളയുന്നതായി വ്യക്തമായതിനെ തുടർന്ന് വാർഡിൽ മുഴുവൻ പേർക്കും ബോധവത്ക്കരണം നടത്തി. പാൽ, ബിസ്‌ക്കറ്റ്, പലവ്യഞ്ജന സാധനങ്ങൾ, മിഠായികൾ, നാപ്കിൻ, ഐസ്‌ക്രിം തുടങ്ങിയവയുടെ പ്ലാസ്റ്റിക് കവറുകളും മറ്റ് പ്ലാസ്റ്റിക് ക്യാരിബാഗുകളുംശേഖരിച്ചു. കഴുകി ഉണക്കാൻ കഴിയുന്ന മെറ്റൽ ക്ലിപ്പുകളും തുണി സഞ്ചിയും വാർഡ് മെമ്പർ ബാബു തട്ടാർക്കുന്നേലിന്റെ നേതൃത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും വിദ്യാർത്ഥികളുടെ സഹായത്തോടെ എത്തിച്ചു. അവധി ദിവസങ്ങളിൽ മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾ ചെറിയ ഗ്രൂപ്പുകളായി എല്ലാ വീടുകളിലും പോയി ശേഖരിയ്ക്കുകയും അവ തരം തിരിച്ച് റീസൈക്ലിംഗിനായി ഒരു കേന്ദ്രത്തിൽ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യും. നാലാം വാർഡിനെ പ്ലാസ്റ്റിക് സൗഹൃദ വാർഡായി പ്രഖ്യാപനവും, വിദ്യാർത്ഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈമാറലും എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ, ബ്ലോക്ക് മെമ്പർമാരായ ഒ.പി. ബേബി, ഒ.സി ഏലിയാസ്, വൈസ് പ്രസിഡന്റ് കെ.യു ബേബി, വൽസല ബിന്ദുകുട്ടൻ, വിപിൻദാസ്, ബിന്ദു ബേബി, പഞ്ചായത്ത് സെക്രട്ടറി സുധീർ ബി, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി മത്തായി, സി.ഡി.എസ് ചെയർപേഴ്‌സൺ സല്ലി ചാക്കോ, പി.ടി.എ പ്രസിഡന്റ് പി.ടി അനിൽകുമാർ, മദർ പി.ടി.എ പ്രസിഡന്റ് സിനിജസനൽ, ഹരിതകരള മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ശ്രീകല ജി, ചിത്ര തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് രഹിത സ്റ്റോറായ കോലഞ്ചേരിയിലെ ഗ്രീൻ സ്റ്റോർ ഉടമ ബിട്ടുജോണിനെ യൂത്ത് ഐക്കൺ അവാർഡും നൽകി ആദരിച്ചു
തൊണ്ണൂറ് ശതമാനം പേരും പ്ലാസ്റ്റിക് കത്തിച്ചു കളയുന്നതായി സർവ്വെ
അവധി ദിവസങ്ങളിൽ മാസത്തിലൊരിക്കൽ വിദ്യാർത്ഥികൾ ചെറിയ ഗ്രൂപ്പുകളായി എല്ലാ വീടുകളിലും പോയി ശേഖരിക്കും
അവ തരം തിരിച്ച് റീസൈക്ലിംഗിനായി ഒരു കേന്ദ്രത്തിൽ സൂക്ഷിച്ച് വെക്കും