കൊച്ചി: ചേരാനല്ലൂർ, വടുതല പ്രദേശങ്ങളിലെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ കൂടുതൽ പമ്പിംഗ് നടത്താൻ ടി.ജെ. വിനോദ് എം.എൽ.എവിളിച്ചുചേർത്ത വാട്ടർ അതോറിറ്റിയുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.

വടുതല പമ്പ് ഹൗസ് ഭാഗത്തെ കുടിവെള്ള ദൗർലഭ്യത്തെക്കുറിച്ച് വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയറും ജനപ്രതിനിധികളും സംയുക്തമായി പരിശോധിക്കും. ചേരാനല്ലൂർ ഭാഗത്തേക്കുള്ള പമ്പിംഗ് സമയം വർദ്ധിപ്പിക്കും. ജലവിതരണ കുഴലുകളിലെ ചോർച്ച തടയുന്നതിനും വാർഷിക അറ്റകുറ്റപ്പണി നടത്തുന്നതിനും സ്ഥിരം കരാറുകാരനെ നിയമിക്കും, തമ്മനം പമ്പ് ഹൗസിൽ നിന്ന് കുന്നുംപുറത്ത് നിർമ്മാണം പൂർത്തിയാകുന്ന പമ്പ് ഹൗസിലേക്ക് നേരിട്ട് വെള്ളമെത്തിക്കാൻ 21 കോടി രൂപയുടെ പദ്ധതി 'റീ ബിൽഡ് കേരള'യിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. വടുതല പമ്പ് ഹൗസിൽ 'ഓവർ ഹെഡ് ടാങ്ക്' നിർമിക്കാനും തീരുമാനിച്ചു.

യോഗത്തിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സോണി ചീക്കു, നഗരസഭാ കൗൺസിലർമാരായ ഡെലീന പിൻഹീറോ, ആൽബർട്ട് അമ്പലത്തിങ്കൽ, ഒ.പി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.