കൊച്ചി: അപൂർവരോഗവുമായി കോഴിക്കോട് നിന്ന് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പാലക്കാട് പുതുപരിയാരം സ്വദേശികളായ സ്വനൂപിന്റെയും ഷംസിയുടെയും 40 ദിവസം മാത്രം പ്രായമുള്ള മുഹമ്മദ് ഷിഹാബിനാണ് പുതുജന്മം. കുഞ്ഞിന്റെ നെഞ്ചിനകത്ത് വെള്ളം കെട്ടി നിന്ന നിരവധി കുമിളകൾ ഉണ്ടായിരുന്നുവെന്നും അത് നീക്കം ചെയ്ത് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും അപകടനിലയിലല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മൂന്നുദിവസം വെന്റിലേറ്ററിൽ തുടരേണ്ടിവരും. ഷിഹാബിന് സൈലോതൊറാക്‌സ് എന്ന അപൂർവരോഗമായി​രുന്നു. മുലപ്പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിലേക്ക് ഇറങ്ങിപ്പോകുന്ന അവസ്ഥയാണിത്. നെഞ്ചിനകത്ത് വലതുവശത്തായി ഒന്നിലധികം മുഴകളുണ്ടെന്ന് എം.ആർ.ഐ സ്‌കാനിംഗിൽ കണ്ടെത്തി. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മൂന്നുദിവസത്തിനുശേഷം കുട്ടിക്ക് മുലപ്പാൽ കുടിക്കാനാവുമെന്നാണു പ്രതീക്ഷയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മന്ത്രി കെ.കെ.ശൈലജ കുട്ടിയുടെ വിവരം വിളിച്ച് അന്വേഷിച്ചെന്നും അധികൃതർ അറിയിച്ചു. മന്ത്രിയുടെ ഇടപെടലിൽ അടിയന്തര ശസ്ത്രക്രിയക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയർ പദ്ധതിയിലൂടെ അനുവദിച്ചിരുന്നു. 40 ദിവസം പ്രായമുള്ള കുട്ടിയെ 22ന് രാത്രിയാണ് ഗുരുതരമായ ശ്വാസതടസത്തെത്തുടർന്നു കോഴിക്കോടു മെഡിക്കൽ കോളജിൽനിന്ന് അമൃത ആശുപത്രിയിലെത്തിച്ചത്.