കോലഞ്ചേരി: സ്കൂളുകളിലെ കാടുകൾ വെട്ടിത്തളിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശം. ബത്തേരിയിലെ സ്കൂളിൽ പാമ്പു കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സ്വീകരിക്കുന്ന അടിയന്തര നടപടികളുടെ ഭാഗമായാണ് പ്രിൻസിപ്പൽ സെക്രട്ടറി ശരദാ മുരളീധരൻ സർക്കുലർ ഇറക്കിയത്. ഇതിൽ സ്കൂൾ വളപ്പിലും കളിസ്ഥലത്തും പരിസരത്തും വിദ്യാർത്ഥികൾ സഞ്ചരിക്കുന്നയിടങ്ങളിലും കാടും പടലും വെട്ടി വൃത്തിയാക്കാൻ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫണ്ടും സേവനവും ഉപയോഗപ്പെടുത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സർക്കുലറിലെ മറ്റ് നിർദ്ദേശങ്ങൾ • സ്കൂൾ ക്ളാസ് മുറികൾ, ആഡിറ്റോറിയം, ലാബ്, ലൈബ്രറി, ശുചി മുറി എന്നിവിടങ്ങളിൽ ചുമരുകളും മേൽക്കൂരകളും ജനലുകളും ക്ഷുദ്ര ജീവികളെ കയറ്റാതെ സംരക്ഷിക്കണം. • ആരോഗ്യ, വിദ്യാഭ്യാസ, സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.ടി.എ, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിക്കണം. • തദ്ദേശ സ്ഥാപനങ്ങളുടെ നോൺ റോഡ് മെയിന്റനൻസ് ഗ്രാന്റോ, തനത്, പ്ളാൻ ഫണ്ടുകളോ ഉപയോഗിച്ച് സ്കൂളുകളെ സുരക്ഷിതമാക്കണം. • അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രഥമ ശുശ്രൂഷ പരിപാലനത്തിനുള്ള പരിശീലനം ആരോഗ്യ വകുപ്പുമായി ചേർന്ന് അടിയന്തരമായി നടപ്പാക്കണം. ഇതിനു വേണ്ടി സ്ഥിരം ടീം വേണം.