കാലടി: കാലടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ ടൗണിൽ പൊതുസമ്മേളനം നടത്തി. പൊതുസമ്മേളനം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ടൗണിൽ നടത്തിയ സൗന്ദര്യവത്കരണത്തിലെ അഴിമതി വിജിലൻസ് അന്വേഷണം നടത്തുക, വിവിധ സ്ഥലങ്ങളിൽ നടത്തുന്ന അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുക, മുൻ ഭരണസമിതി കൊണ്ടുവന്ന ആധുനിക മത്സ്യമാർക്കറ്റ് തുറന്ന് കൊടുക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.ബി. സാബു അദ്ധ്യക്ഷത വഹിച്ചു. റോജി എം.ജോൺ എം.എൽ.എ, മുൻ എം.എൽ.എ പി.ജെ. ജോയി, കെ.പി.സി.സി നിർവാഹക സമിതിഅംഗം കെ.വി. മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, സാംസൺ ചാക്കോ, കെ.എസ്. ഷാജി, റെന്നി പാപ്പച്ചൻ, എ.എൻ. ഷിജു എന്നിവർ പ്രസംഗിച്ചു.