കോലഞ്ചേരി: വീടുകളിലെ വൈദ്യുതി ഉപഭോഗക്കണക്ക് നൽകാനുള്ള സമയം കെ.എസ്.ഇ.ബി മാർച്ച് 31 വരെ നീട്ടി.
വീട്ടിൽ വൈദ്യുതി കണക്ഷൻ എടുത്തപ്പോൾ ആവശ്യപ്പെട്ട ലോഡിന്റെ മൂന്നും നാലും ഇരട്ടി ഇപ്പോൾ ഉപയോഗിക്കുന്നുണ്ടാവും. പക്ഷേ ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടാവില്ല മിക്കവാറും പേരും.
വൈദ്യുതി വിതരണം നിശ്ചയിക്കുന്നതിൽ സുപ്രധാനമാണ് ലോഡ് നിർണയം. ഇത് കൃത്യമല്ലാത്തതിനാൽ കെ.എസ്.ഇ.ബിയുടെ കണക്കുകൾ പിഴയ്ക്കുന്നുവത്രെ.
മാർച്ച് 31 വരെ അപേക്ഷ ഫീസ്, വയറിംഗ് കോൺട്രാക്റ്ററുടെ ടെസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ വൈദ്യുതോപകരണങ്ങളുടെ പട്ടിക വെള്ള കടലാസിൽ എഴുതി കൊടുത്ത് കണക്ട്ഡ് ലോഡ് ക്രമപെടുത്താം. സ്വയം ലോഡ് ക്രമപ്പെടുത്തുമ്പോൾ കൂടുതൽ ഡെപ്പോസിറ്റ് തുകയും ഒഴിവാക്കിയിട്ടുണ്ട്.
സെക്ഷൻ ഓഫീസുകളിൽ പ്രത്യേക അപേക്ഷാഫോറവും ഇതിനായി ലഭ്യമാണ്. ഉപകരണങ്ങളുടെ എണ്ണവും വാട്‌സും രേഖപ്പെടുത്തി നൽകിയാൽ മതി.
അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ ഐ.ഡി കാർഡ് പകർപ്പ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവയും നൽകണം.
ഉപകരണങ്ങളുടെ വാട്ടേജ് കപ്പാസിറ്റിയുടെ ആകെ തുകയാണ് കണക്ട്ഡ് ലോഡ്.
ക്രമപ്പെടുത്താത്തയിടങ്ങളിൽ 31ന് ശേഷം കെ.എസ്.ഇ.ബി നേരിട്ട് പരിശോധന നടത്തും. അപാകതകൾ കണ്ടെത്തിയാൽ, ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷൻ 126 പ്രകാരം ബോർഡിനുണ്ടായ നഷ്ടം കണക്കുകൂട്ടി അതിന്റെ ഇരട്ടി തുക അടക്കേണ്ടി വരും.
ഉപകരണം ഏകദേശ വാട്സ്
എൽ.ഇ ഡി 3-12
സി.എഫ്.എൽ 7-30
ബൾബ് 46-60
ഫാൻ 60
ട്യൂബ് ലൈറ്റ് 30-40
ടി.വി 50-200
മിക്സി 500-750
തേപ്പു പെട്ടി 500-2000
ഫ്രിഡ്ജ് 100-500
ഇൻഡക്ഷൻ കുക്കർ 2000
ഹീറ്റർ 1000-2500
വാഷിംഗ് മെഷീൻ 350-600
മൈക്രോ വേവ് ഓവൻ 2000
എയർ കണ്ടീഷണർ 1200-2500
സാദാ പ്ളെഗ് 60
പവർ പ്ലെഗ് 500
പമ്പ് സെറ്റ് 375-1500