shain

കൊച്ചി: വെയിൽ, കുർബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടർന്ന് നടൻ ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കർശനമായ വിലക്ക് ഏർപ്പെടുത്തി. ഷെയ്ൻ അഭിനയിക്കുന്ന ഈ ചിത്രങ്ങൾ ഉപേക്ഷിക്കാനും നി‌ർമ്മാതാക്കൾ തീരുമാനിച്ചു. ഈ സിനിമകളുടെ നഷ്ടമായ ഏഴു കോടി രൂപ നൽകാതെ ഇനി ഷെയ്നെ സിനിമയിൽ അഭിനയിപ്പിക്കി​ല്ല എന്നാണ് ഇന്നലെ ചേർന്ന അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചത്. വെയിൽ സിനിമയുടെ നിർമ്മാതാവുമായുണ്ടായ തർക്കം ഒത്തുതീർന്നെങ്കിലും പിന്നീട് ചിത്രീകരണത്തിന് തടസമാകുംവിധം ഷെയ്ൻ തലമുടി വടിച്ചുകളഞ്ഞതാണ് പെട്ടെന്നുള്ള നടപടികൾക്ക് കാരണമായത്.

ഷെയ്ൻ നഷ്ടം നികത്താൻ തയ്യാറായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വിലക്കേർപ്പെടുത്തുന്ന കാര്യം താരസംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ടെന്നും അസോസിയേഷൻ ഭാരവാഹികളായ ആന്റോ ജോസഫ്, എം. രഞ്ജിത്ത്, സിയാദ് കോക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലയാള താരങ്ങൾക്കിടയിൽ വ്യാപകമായ മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും ലൊക്കേഷനുകളിൽ പൊലീസ് പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. നിയമം നടപ്പിലാക്കേണ്ടവർ സെലിബ്രിറ്റികളെ മാറ്റിനിറുത്തേണ്ടതി​ല്ല. പുതുതലമുറയിൽ അച്ചടക്കമില്ലാത്ത താരങ്ങൾ നിരവധിയുണ്ട്. താരസംഘടനയായ അമ്മയിൽ ഇവരിൽ മിക്കവരും അംഗങ്ങളല്ല. ഇവർക്കെതിരെ നടപടിയെടുക്കാൻ സംഘടനകൾക്ക് കഴിയില്ല.

സിനിമ മുടങ്ങിയാലും ഇല്ലെങ്കിലും നിർമ്മാതാക്കൾക്കാണ് നഷ്ടം. ഷെയ്നെ അഭിനയിപ്പിക്കരുതെന്ന് മറ്റു സംസ്ഥാനങ്ങളിലെ സംഘടനകളോടും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

പരാതി​കൾ

• വെയിൽ ചിത്രീകരണത്തിനിടെ നിർമ്മാതാവ് ലൊക്കേഷനിൽ വരാൻ പാടില്ലെന്ന് നിർബന്ധം പിടിച്ചു. ഷെയ്‌നിന്റെ അമ്മ ലൊക്കേഷനിൽ വരേണ്ടി​വന്നു. പിന്നീട് ഷെയ്ൻ ബൈക്കെടുത്ത് എങ്ങോട്ടോ പോയി. അതിനുശേഷം ചിത്രീകരണം മുടങ്ങി.

• ഉല്ലാസം സിനിമയ്ക്ക് കരാർ പ്രകാരമുള്ള 10 ലക്ഷം രൂപ പ്രതി​ഫലത്തിന് പകരം രണ്ട് വർഷത്തിനു ശേഷം 25 ലക്ഷം ആവശ്യപ്പെട്ടു. നിർമ്മാതാവ് അംഗീകരിക്കുകയും ചെയ്തു. പക്ഷേ, ഡബ്ബിംഗിനു മുമ്പ് 40 ലക്ഷം രൂപ വേണമെന്ന് പറഞ്ഞു.

 ഇടപെടുന്നില്ലെന്ന് അമ്മ

ഷെയ്ൻ നിഗത്തിനെ വിലക്കിയതിൽ ഇടപെടുന്നില്ലെന്ന് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കേരളകൗമുദിയോട് പറഞ്ഞു. ആദ്യ ചർച്ചയ്ക്കു ശേഷം ഒരു പരാതി പോലും ഷെയ്ൻ നിഗം അമ്മയ്ക്ക് നൽകിയിട്ടില്ല. നിർമ്മാതാക്കളുടെ സംഘടന നടപടിയെടുത്ത ശേഷം എന്തെങ്കിലും ചെയ്യാനാകുമെന്ന് കരുതുന്നില്ല. അടുത്ത മാസം അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

 പ്രതികരിക്കാതെ ഷെയ്ൻ

നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനങ്ങൾ രേഖാമൂലം കിട്ടിയിട്ടേ പ്രതികരിക്കുന്നുള്ളൂവെന്ന് ഷെയിനിനോട് അടുത്ത വൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.

 ഗുരുതര ആരോപണങ്ങൾ

ഷെയിൻ നിഗത്തിലൂടെ പുതുതലമുറയിലെ താരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നിർമ്മാതാക്കൾ വാർത്താസമ്മേളനത്തിൽ നടത്തിയത്. യുവതലമുറ ലഹരി ഉപയോഗിക്കുന്നുവെന്നതാണ് അതിൽ പ്രധാനം. എൽ.എസ്.ഡി പോലുള്ള മയക്കുമരുന്നുകളാണ് ഉപയോഗിക്കുന്നതെന്നാണ് ആരോപണം. പലരും കാരവാനിൽ നിന്ന് ഇറങ്ങാൻ പോലും തയ്യാറല്ല. സ്വബോധത്തിൽ ഒരു നടനും മുടി വടിച്ച് പ്രതിഷേധിക്കുമെന്ന് കരുതുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.