പറവൂർ : പ്രതിഭകളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ കവിയും അദ്ധ്യാപകനുമായ ആനന്ദൻ ചെറായി, കരിമ്പാടത്തിന്റെ അഭിമാനമായി വോളിബാൾതാരം കെ.എസ്. സത്യൻ എന്നിവരെ വീട്ടിലെത്തി ആദരിച്ചു. വീട്ടിലെത്തിയ കുട്ടികളോട് ആനന്ദൻ ചെറായി കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും അനുഭവങ്ങൾ പങ്കുവെച്ചു. അദ്ദേഹത്തിന്റെ ഓമനത്തിങ്കൾ എന്ന കവിതാപുസ്തകം കുട്ടികൾക്ക് സമ്മാനിച്ചു. കരിമ്പാടത്തെ വോളിബാൾ കോർട്ടുകളിൽ ഇന്നും സ്ഥിരസാന്നിദ്ധ്യമായ കെ.എസ്. സത്യനെ ആദരിക്കാനെത്തിയത് പുതുതലമുറയിലെ സ്പോർട്ട്സ് താരങ്ങളാണ്. ജീവിതത്തിലെ ഓരോ കാലഘട്ടത്തിലെയും കൈപ്പന്തുകളിയുടെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. കളിയിലെ സ്മാഷുകളും പ്രതിരോധം തീർക്കലും എങ്ങിനെയെന്ന് വിശദീകരിച്ചു. ദീർഘനാളത്തെ അനുഭവങ്ങൾ യുവതാരങ്ങൾക്ക് നവ്യാനുഭവമായി.