bypass
ആലുവ ബൈപാസ് കവലയിൽ തോട്ടക്കാട്ടുകര ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് മെട്രോ സ്‌റ്റേഷൻ ഭാഗത്തേക്ക് സുരക്ഷിതമായി പ്രവേശിക്കാൻ നിർമിച്ച റോഡ് അടച്ചുവച്ചിരിക്കുന്നു

ആലുവ: അശാസ്ത്രീയമായ ഗതാഗത സംവിധാനത്തെ തുടർന്ന്ബൈപ്പാസിൽ അപകടക്കെണി. ബ്രിഡ്ജ് റോഡും ദേശീയപാതയും സമാന്തര റോഡുമെല്ലാം സംഗമിക്കുന്നസ്ഥലത്ത് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ച് മാസങ്ങളായിട്ടും പ്രവർത്തനസജ്ജമാക്കിയിട്ടില്ല.

ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ മെട്രോ സ്‌റ്റേഷന് മുമ്പിലൂടെയുള്ള സർവീസ് റോഡിലൂടെ ഇടത്തേക്ക് തിരിച്ചും നഗരത്തിലേക്കുള്ള സിറ്റി ബസുകൾ ഇതേറോഡ് വഴി ബ്രിഡ്ജ് റോഡിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് അപകടങ്ങൾ തുടങ്ങിയത്. ദേശീയപാതയിലൂടെ തോട്ടക്കാട്ടുകര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും മാർക്കറ്റ് ഭാഗത്തേക്ക് പോകണമെങ്കിൽ മെട്രോ സ്‌റ്റേഷന് മുമ്പിലെ സർവീസ് റോഡാണ് ആശ്രയം. മേൽപ്പാലം ഇറങ്ങി വരുന്ന വാഹനങ്ങൾ സിഗ്നൽ ലഭിച്ചാലും ഇവിടെ കുടുങ്ങാറുണ്ട്. ഈ പ്രശ്‌നം ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി സിഗ്‌നൽ ലൈറ്റുകളും ടൈൽ വിരിച്ച് പുതിയ വഴിയും സ്ഥാപിച്ചു. എന്നാൽ, മാസങ്ങളായിട്ടും സിഗ്‌നൽ ലൈറ്റുകൾ മിഴിതുറന്നില്ല. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചിരുന്നു.

തോട്ടക്കാട്ടുകരയിൽ നിന്നുള്ള വാഹനങ്ങൾക്ക് പുതിയ വഴിയും തുറന്നുകൊടുക്കാത്തതിനാൽ വാഹനങ്ങളെല്ലാം നഗരത്തിലേക്ക് തിരിയുന്ന വഴിയിലേക്ക് കയറിയയുടൻ മെട്രോ തൂണിന്റെ കിഴക്കുവശം വഴി തിരിഞ്ഞ് കവലയിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുകയാണ്. ഈ സമയം തന്നെ സർവീസ് റോഡിൽ നിന്ന് നഗരത്തിലേക്കുള്ള വാഹനങ്ങളും കവലയിലൂടെ കടന്നുവരും. ഇടക്ക് ബൈപാസിൽ നിന്നുള്ള വാഹനങ്ങളും ഉണ്ടാകും.

കൂനിന്മേൽ കുരുവായി ഓട്ടോ സ്റ്റാൻഡ്


ആലുവ:അനധികൃത ഓട്ടോറിക്ഷ സ്റ്റാൻഡാണ് മറ്റൊരു പ്രശ്നം. മെട്രോ സ്റ്റേഷന് മുന്നിൽ ഓട്ടോറിക്ഷകൾ മാത്രമല്ല, മറ്റ് വാഹനങ്ങളൊന്നും പാർക്ക് ചെയ്യരുതെന്നാണ് ചട്ടം. മെട്രോ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാരെ ഇറക്കി വാഹനങ്ങൾ മടങ്ങണം. എന്നാൽ

ബൈപ്പാസിൽ നിന്നും മെട്രോ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും എഫ്.ബി.ഒ.എ റോഡ് മെട്രോ സ്റ്റേഷനിലേക്ക് തിരിയുന്നിടത്തും അനധികൃത ഓട്ടോ സ്റ്റാന്റുണ്ട്. എഫ്.ബി.ഒ.എ റോഡിന് എതിർവശത്തും ഓട്ടോറിക്ഷ സ്റ്റാന്റുണ്ട്. ദേശീയപാതയിൽ മേൽപ്പാലത്തിന് അടിയിൽ വിശാലമായ പാർ ക്കിംഗ് സൗകര്യം കൈവശപ്പെടുത്തിയ ഓട്ടോറിക്ഷക്കാർ തന്നെയാണ് മെട്രോ സ്റ്റേഷന് മുമ്പിലും കുരുക്കുണ്ടാക്കുന്നത്.