crime

കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നുവെന്ന് കണക്കുകൾ. ഇതര സംസ്ഥാന തൊഴിലാളികൾ ഏറ്റവുമധികമുള്ള പെരുമ്പാവൂരിൽ മാത്രം കഴിഞ്ഞകൊല്ലം 4,550 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. ഇവയിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടതാണെന്നാണ് വിവരം. മോഷണം മുതൽ കൂട്ടക്കൊല വരെ ഇവയിൽ പെടും. കൊലപാതകങ്ങളിൽ മിക്കതും മനഃസാക്ഷിയെ ഞെട്ടിക്കുന്നവിധം പൈശാചികമായിരുന്നു. പെരുമ്പാവൂരിൽ കോളിളക്കം സൃഷ്ടിച്ച നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ഉമർ അലി എന്ന അസംകാരൻ യുവതിയെ കൈക്കോട്ട് കൊണ്ട് തലക്കടിച്ച് കൊന്നതും മന:സാക്ഷിയെ ഞെട്ടിച്ചിരുന്നു.

പ്രശസ്ത മാനസികാരോഗ്യ വിദഗ്ദ്ധൻ

സി.ജെ. ജോൺ 'ഫ്ലാഷി'നോട്..

''കുറ്റകൃത്യത്തിന്റെ രീതി വച്ച് സൈക്കോ, സാഡിസ്റ്റ് മാനസികാവസ്ഥയാണ് പെരുമ്പാവൂർ കേസിൽ ക്രൂരതയിലേക്ക് പ്രതി ഉമർ അലിയെ നയിച്ചത്. കേരളത്തിൽ നിലവിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ പശ്ചാത്തലമാണ് പ്രശ്നങ്ങളുടെ അടിസ്ഥാനം. മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളുടേയും അമിതമായ ഉപയോഗമാണ് പ്രതിയെ ഇത്തരത്തിലൊരു കൊലപാതകം നടത്താൻ പ്രേരിപ്പിച്ചിട്ടുള്ളത്. മാനസികമായ വൈകല്യമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആധാരം. പത്തുലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇതിൽ 30 ശതമാനം പേരും കേസുകളിൽപ്പെട്ട് നാടുവിട്ട് കുടിയേറിയവരാണ്. ഇവരുടെ ഇടയിൽ ക്രിമിനൽ വാസനയോടെപ്പം സ്വന്തം സ്വത്വമില്ലായ്മയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുണ്ട്.

കേരളത്തിൽ, സ്വന്തം മുഖമില്ലെന്നും അംഗീകാരമില്ലെന്നും തോന്നലുണ്ടാകുന്നതോടെ ലഹരിയുടെ അടിമകളാകുന്ന ഇവർ മുൻപുണ്ടായിരുന്ന കുറ്റവാസന പുറത്തെടുക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യും. തുടർച്ചയായ പണിയും ഉറക്കക്കുറവും താമസസ്ഥലത്തെ അസൗകര്യങ്ങളും ഇതര സംസ്ഥാനത്തൊഴിലാളികളെ മാനസിക സംഘർഷത്തിലെത്തിക്കുന്നിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ ഇടയിലുള്ള മയക്കുമരുന്ന് ഉപയോഗത്തെയും ലൈംഗിക അരാജകത്വത്തെയും മുതലാക്കാൻ, ആവശ്യമായ മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്ന ഒരു വിഭാഗം സ്വദേശീയരുമുണ്ട്. പുകയില, കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ ഇവർക്കിടയിൽ വ്യാപകമായാണ് വിറ്റഴിക്കപ്പെടുന്നത്. കൃത്യമായ മേൽവിലാസമില്ലാതെ എത്തുന്ന ഇവരുടെ വിവരങ്ങൾ സ‌ർക്കാർ ശേഖരിക്കുന്നതോടൊപ്പം ജനങ്ങളും ഇതിൽ ജാഗ്രത പുലർത്തണം. വീടുകളിൽ ജോലിക്കെത്തുന്നവരുടെ അധാർ ഉൾപ്പെടെ വാങ്ങി സൂക്ഷിക്കുന്നതോടൊപ്പം ഇവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നതും ഗുണം ചെയ്യും.