കൊച്ചി: ഉള്ളി, സവാള വില സെഞ്ച്വറി അടിച്ചതോടെ പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വീട്ടുകാരും ഹോട്ടലുകാരും. സാമ്പാറിൽ നിന്ന് ഉള്ളിയെ പാടെ പുറത്താക്കി. മറ്റു കറികളിലും തോരനിലും കടുക് താളിക്കുന്നതിനൊപ്പം ഒരേയൊരു അല്ലിയിൽ ഉള്ളിയെ ഒതുക്കി. ഉള്ളി ചേർക്കാതെ ചാറു കുറച്ച് മീൻകറിയുടെ കൊഴുപ്പ് കൂട്ടി. ബീഫ് ഫ്രൈയിൽ ഗുമ്മിന് ചെറിയുള്ളിയെ ചേർക്കുന്ന ആർഭാടവും വേണ്ടെന്ന് വച്ചു. ഹോട്ടലുകളിലെ ഉലർത്തുകളിലും ഉള്ളിയെ കാണാനേയില്ല.

രണ്ടു വർഷം മുമ്പ് ഉള്ളിവില കുതിച്ചപ്പോൾ സവാള കൊണ്ട് ആഘോഷമാക്കിയ അടുക്കളകൾ ഇപ്പോൾ മൗനത്തിലാണ്.

രണ്ടു മാസം മുമ്പു വരെ കിലോയ്ക്ക് 15 രൂപ വിലയ്ക്ക് തട്ടിക്കളിച്ചിരുന്ന സവാളയ്ക്ക് അടുക്കാൻ വയ്യാത്ത വിലയായി. അതോടെ മെനു വീണ്ടും അഴിച്ചുപണിതു. സാലഡിൽ സവാളയ്ക്ക് പകരം തക്കാളിയും കുക്കുമ്പറും മാത്രമായി. ഓംലെറ്റ് കാബേജിട്ട് പൊലിപ്പിച്ചു.


# ഹോട്ടലുകൾ പ്രതിസന്ധിയിൽ

ഉള്ളി, സവാള വില വർദ്ധന വെജ്, നോൺ വെജ് വത്യാസമില്ലാതെ ഹോട്ടലുകളെയും പ്രതിസന്ധിയിലാക്കി. പൊതുവേ കച്ചവടം മോശം. അതിനിടെ ഉള്ളി, സവാള, വെളുത്തുള്ളി വിലയിൽ വൻ വർദ്ധന വന്നത് തിരിച്ചടിയായി. ചായക്കടകളെയും തട്ടുകടകളെയുമാണ് ഇത് ഏറ്റവും അധികം ബാധിച്ചത്. ഉള്ളികളില്ലാത്ത ഒരു കറി പോലും അവരുടെ മെനുവിലില്ല.

# അലങ്കാരമില്ലാതെ ബീഫ് ഫ്രൈ

ഉള്ളി വെട്ടിക്കുറച്ചാൽ ഒനിയൻ ഊത്തപ്പത്തിന്റെ ഐഡിന്റിറ്റി ഇല്ലാതാവും. അതുകൊണ്ട് ഇടത്തരം ഹോട്ടലുകാർ തത്ക്കാലം ഇത് മെനുവിൽ നിന്ന് ഒഴിവാക്കി. മസാലദോശയിൽ സവാള കുറച്ചു. ഉരുളക്കിഴങ്ങ് ബോണ്ടയിൽ നിന്ന് സവാള പൂർണമായും ഒഴിവായി. ബീഫ് ഉലത്തിയത്, ഫിഷ് ഫ്രൈ എന്നിവയുടെ മീതേ അലങ്കരമായി വിതറിയിരുന്ന സവാള പോലും അപ്രത്യക്ഷമായി.


# ഇന്നലത്തെ വില


സവാള മൊത്തവില -102

ചില്ലറ വില 120 - 130


ഉള്ളി മൊത്തവില - 125

ചില്ലറ വില -140


വെളുത്തുള്ളി 150 - 200

ചില്ലറ വില 220- 240