ആലുവ: സ്വന്തമായി ഭുമിയുണ്ടായിട്ടും വീട് നിർമ്മിക്കാനാകാതെ ബുദ്ധിമുട്ടുന്ന വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനത്തിനായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കുട് എന്ന ഭവന പദ്ധതിയിൽ നിർമ്മിക്കുന്ന 38 -ാമത് വീടിന് തറക്കല്ലിട്ടു.
കീഴ്മാട് പഞ്ചായത്ത് 12-ാം വാർഡിൽ മലയൻകാട് രണ്ടു പെൺകുട്ടികളുടെ മാതാവായ ജിഷക്കുവേണ്ടി നിർമ്മിക്കുന്ന ഭവനത്തിന്റ തറക്കല്ലിടൽ സ്‌പോൺസർ ബിസ്മി ഗ്രൂപ്പ് എം.ഡി വി.എ. അജ്മൽ നിർവഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമേശൻ കാവലൻ, തോപ്പിൽ അബു, കുഞ്ഞുമുഹമ്മദ് സെയ്ദാലി, ബീന ബാബു, എം.ഐ. ഇസ്മായിൽ, അനുക്കുട്ടൻ, എൽസി ജോസഫ്, പി.ജെ. സുനിൽകുമാർ, സുധാകരൻ, പി.എ മുജീബ്, അബ്ദുൾ സത്താർ എന്നിവർ സംസാരിച്ചു.
510 ചതുരശ്ര അടിയിൽ 6.12 ലക്ഷം രൂപ ചിലവിലാണ് വീട് നിർമ്മിക്കുന്നത്. പദ്ധതിയിൽ പൂർത്തിയായ 29 ഭവനങ്ങൾ കൈമാറി. മറ്റു ഭവനങ്ങളുടെ നിർമ്മാണം നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ, ചെങ്ങമനാട്, കീഴ്മാട്, ചൂർണിക്കര, എടത്തല എന്നീ പഞ്ചായത്തുകളിൽ പുരോഗമിക്കുന്നു.