പറവൂർ : ഭിന്നശേഷി വാരാചരണത്തിന് തുടക്കംകുറിച്ച് പറവൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഒന്നാകാം ഉയരാം എന്ന പ്രഖ്യാപനവുമായി വിളംബരജാഥ നടത്തി. സെന്റ് ജെർമയിൻസ് സ്കൂളിൽ നിന്നാരംഭിച്ച ജാഥ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിൽ ഇടംനേടിയ ദിവ്യശങ്കർ ഫ്ലാഗ് ഓഫ് ചെയ്തു. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എൻ.സി.സി കേഡറ്റുകളും എൻ.എസ്.എസ് വളണ്ടിയർമാരും ജാഥയിൽ അണിനിരന്നു. തുരുത്തൂർ സെന്റ് തോമസ് യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അരങ്ങേറി. അടുത്തമാസം മൂന്നിന് മുനിസിപ്പൽ ടൗൺ ഹാളിൽ ഭിന്നശേഷിക്കാർക്കായി ബോധവത്കരണ ക്ലാസും സെമിനാറും നടക്കും.