പറവൂർ : നഗരസഭയിലെ തോന്ന്യകാവ് ഗവ. ആയുർവേദ ആശുപത്രിയിൽ ഡോക്ടർമാരുടെ പരിശോധനാ മുറികൾക്ക് മുന്നിൽ ഇലക്ട്രോണിക് ഡിസ്പ്ളേ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ജില്ലയിലെ ആയുർവേദ ആശുപത്രിയിൽ ഏറ്റവും നല്ല ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇവിടെ മിക്കവാറും ദിവസങ്ങളിൽ രോഗികൾ തമ്മിൽ തർക്കം നടക്കുന്നത് പതിവാണ്. രാവിലെ ആശുപത്രിയിൽ എത്തുന്നവരിൽ പലരും ടോക്കൺ വാങ്ങി പോകുകയാണ് പതിവ്. ഇങ്ങനെ പലപ്പോഴായി എത്തുന്നവർ അവരുടെ ടോക്കൺ സമയം കഴിഞ്ഞാലും ഡോക്ടറെ കാണാൻ കയറുന്നതാണ് തർക്കങ്ങൾക്ക് ഇടയാകുന്നത്. ആയുർവേദ ആശുപത്രിയിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ തന്നെയുള്ള ഹോമിയോ ആശുപത്രിയിൽ ടോക്കൺ ഡിസ്പ്ളേബോർഡ് സ്ഥാപിച്ചിട്ടുള്ളതിനാൽ അവിടത്തെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുണ്ട്.