കൊച്ചി: നിർമ്മാണത്തിലിരിക്കെ കൊച്ചി കാൻസർ സെന്റർ പൊളിഞ്ഞുവീണ സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിൽ. കൃത്യസമയത്ത് കരാറുകാരെ മാറ്റാൻ ആരോഗ്യ വകുപ്പ് സമ്മതിക്കാതിരുന്നതാണ് പ്രശ്നമായതെന്ന് നിർമ്മാണ ചുമതലയുള്ള ഇൻകെല്ലിലെ ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. കെട്ടിടം പൊളിഞ്ഞതിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിടാത്തതും സ്പെഷ്യൽ ഓഫീസർ സംഭവ സ്ഥലത്ത് എത്താത്തതും ആരോഗ്യവകുപ്പിന് എതിരാകുന്നുണ്ട്. പലതവണ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ കൊച്ചി കാൻസർ സെന്ററിൽ എത്തിയിട്ടും പുതിയ കെട്ടിടം പണിയുന്ന സ്ഥലം ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ല.
കെട്ടിടം നിർമ്മാണത്തിന് കിഫ്ബി സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മയും കാലതാമസവുമാണ് കാരണം.
പൊതുമരാമത്തിൽ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങളോ മാനദണ്ഡങ്ങളോ ഇൻകെലോ കരാറുകാരനോ പാലിച്ചില്ലെന്നും കിഫ്ബിയുടെ സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നു. തുടർ പരിശോധനകൾക്ക് ശേഷം കിഫ്ബി നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു മാത്രമേ ഇനി പ്രവൃത്തികൾ തുടങ്ങാവൂവെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിർമ്മാണത്തിനെതിരെ കിഫ്ബി ഇതിനുമുമ്പ് ആരോപണങ്ങൾ ഉന്നയിച്ചില്ലെന്നും നിർമ്മാണത്തിൽ കാലതാമസം നേരിടുന്നതിനാൽ കരാറുകാരായ പി. ആൻഡ് സി കമ്പനിയെ വേണമെങ്കിൽ ഒഴിവാക്കാമെന്നുമായിരുന്നു ആകെ നൽകിയ നിർദ്ദേശമെന്നും ഇൻകെൽ വൃത്തങ്ങൾ പറയുന്നു.
ഇതേ ആവശ്യം കഴിഞ്ഞ ജൂലായിൽ ഇൻകെൽ ആരോഗ്യവകുപ്പിന് മുന്നിൽ വച്ചെങ്കിലും കരാറുകാർക്ക് സമയം നീട്ടിനൽകുകയാണ് മന്ത്രി ചെയ്തത്.
കെട്ടിടനിർമ്മാണ മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് പുതിയ കരാറുകാരെ കിട്ടാൻ ജൂലായിൽ എളുപ്പമായതിനാലാണ് നിർദ്ദേശം അപ്പോൾ മുന്നോട്ട് വച്ചത്. നവംബർ മാസത്തിൽ കെട്ടിടം പണിയ്ക്കുള്ള കരാറുകാരെ കിട്ടാൻ ബുദ്ധിമുട്ടാകുന്നതിനാൽ നിലവിലുള്ള പി. ആൻഡ് സി കമ്പനി തന്നെയായിരിക്കും തുടർന്നുള്ള പണി നടത്താൻ സാധ്യതയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
കിഫ്ബിയുടെ ആരോപണങ്ങൾ
നിർമ്മാണത്തിന്റെ ശോചനീയമായ നിലവാരം ചൂണ്ടിക്കാട്ടി കിഫ്ബിയുടെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗം നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ ഇൻകെൽ തയ്യാറായില്ലെന്ന് കിഫ്ബി ആരോപിക്കുന്നു.
കിഫ്ബി നടത്തിയ പ്രാഥമിക പരിശോധനയിൽ ഇടിഞ്ഞു വീണ കോൺക്രീറ്റ് പാനലുകളുടെയും ഷട്ടറിംഗിന്റെയും നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് മുമ്പേ കിഫ്ബിയുടെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിംഗ് നിർമ്മാണത്തിലെ ഗുരുതര പിഴവുകളും കാലതാമസവും ചൂണ്ടിക്കാട്ടി പരിശോധനാ റിപ്പോർട്ടും തിരുത്തൽ നിർദ്ദേശങ്ങളും നൽകിയിരുന്നു.