school
'അമ്മാനാട്ടം 2019' ന്റെ ഭാഗമായി നോർത്ത് കടുങ്ങല്ലൂർ ഗവ. എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച ശില്പശാലയിൽ വിദ്യാർത്ഥികൾ നാടൻകളികൾ പരിചയപ്പെടുന്നു

ആലുവ: വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികൾക്ക് നാടൻകളികൾ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ശില്പശാല 'അമ്മാനാട്ടം 2019' പുതുതലമുറക്ക് നവ്യാനുഭവമായി. നോർത്ത് കടുങ്ങല്ലൂർ ഗവ. എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച ശില്പശാല എസ്.എം.സി ചെയർമാൻ കെ. മുരുകേശൻ ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് ഒട്ടും പരിചിതമല്ലാത്ത നാടൻ കളികളായ അമ്മാനാട്ടം, കൊത്തൻകല്ല് കളി, നക്ഷത്രക്കല്ല് , പൂ പറിക്കാൻ പോരുമോ, ഗോലികളി, അക്കുകളി, ഒരു വിരലാടുമ്പോൾ തുടങ്ങി വൈവിദ്ധ്യമാർന്ന നാടൻകളികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികളുടെ നിരീക്ഷണശേഷി, ചിന്താശേഷി, ബുദ്ധിവൈഭവം, കായികശേഷി, ശ്രദ്ധ എന്നിവ വർദ്ധിപ്പിക്കാനുതകുന്ന നാടൻകളികൾ കുട്ടികൾ ഉത്സവമാക്കി. ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകരായ കെ.കെ. ജോഷി, ശാന്താദേവി, ജോഷി, ഹെഡ്മിസ്ട്രസ് കെ.എസ്. ഫാത്തിമ, അദ്ധ്യാപകരായ കെ.എസ്. ജഹാൻ, സീമ സജീവ്, ഇ.എസ്. ധന്യ എന്നിവർ നേതൃത്വം നൽകി.