ആലുവ: ഏറെക്കാലത്തെ സമരങ്ങൾക്കൊടുവിൽ ആലുവ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് അനുവദിച്ച ബോണറ്റ് നമ്പറകളുടെ വിതരണം ആരംഭിച്ചതോടെ യൂണിയൻ നേതാക്കളുടെ 'റെഡ് സിഗ്നൽ'. ഇതേതുടർന്ന് ഒരു സ്റ്റാൻഡിൽ മാത്രം ഭാഗികമായി ബോണറ്റ് നമ്പർ വിതരണം ചെയ്ത ട്രാഫിക് പൊലീസ് പിൻവാങ്ങി.
നഗരത്തിലെ 35 അംഗീകൃത സ്റ്റാൻഡുകളിലായി 841 ഡ്രെെവർമാർക്കാണ് ബോണറ്റ് നമ്പർ അനുവദിക്കാൻ തീരുമാനിച്ചത്. നഗരസഭ ചെയർപേഴ്സൺ കൂടിയായ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി അദ്ധ്യക്ഷ ലിസി എബ്രഹാം ഒപ്പുവച്ചപട്ടിക ജില്ലാ പൊലീസ് മേധാവിയാണ് ആലുവ ട്രാഫിക്ക് എസ്.ഐക്ക് കൈമാറിയത്. പട്ടികയിലെ ന്യൂനതകൾ പരിഹരിക്കാനും ചെയർപേഴ്സൺ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ പറവൂർ കവലയിൽ ട്രാഫിക്ക് എസ്.ഐ അബ്ദുൾകരീമിന്റെയും കൺട്രോൾ റൂം എസ്.ഐ മുഹമ്മദ് കബീറിന്റെയും നേതൃത്വത്തിൽ ബോണറ്റ് നമ്പർ വിതരണം ആരംഭിച്ചതോടെയാണ് യൂണിയൻ നേതാക്കൾ ഇടപ്പെട്ടത്.
പറവൂർ കവല സ്റ്റാന്റിലെ 63 പേരിൽ 43 പേർക്കാണ് നമ്പർ നൽകിയത്. ബാക്കിയുള്ളവർക്ക് പിന്നീട് നൽകാമെന്ന് പറഞ്ഞ് പൊലീസ് മടങ്ങി. കോൺഗ്രസിലെ എ ഗ്രൂപ്പുകാർ നയിക്കുന്ന ഐ.എൻ.ടി.യു.സി യൂണിയനാണ് ബോണറ്റ് നമ്പർ വിതരണത്തെ അംഗീകരിക്കുന്നത്. ഐ ഗ്രൂപ്പുകാർ നയിക്കുന്ന ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, ബി.എം.എസ് യൂണിയൻ നേതാക്കളെല്ലാം പട്ടിക പരിഷ്കരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അനർഹർ പട്ടികയിലുണ്ടെന്നും അർഹർ പുറത്താണെന്നും ഇവർ ആരോപിക്കുന്നു.
# സമരം നടത്തും
അപാകതകൾ പരിഹരിക്കാതെ ബോണറ്റ് നമ്പർ വിതരണം ചെയ്യുന്നതിനെതിരായ സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് സംയുക്ത യൂണിയനുകളുടെ യോഗം ചേരുമെന്ന് ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ് അറിയിച്ചു.
# നിർത്തിയിട്ടില്ലെന്ന് പൊലീസ്
ഓട്ടോറിക്ഷകളുടെ ബോണറ്റ് നമ്പർ വിതരണം നിർത്തിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ട്രാഫിക്ക് പൊലീസ് അറിയിച്ചു. ദിവസം ഒരു സ്റ്റാൻഡിലെ വീതം ഓട്ടോറിക്ഷകൾക്ക് നമ്പർ നൽകാനാണ് തീരുമാനിച്ചിക്കുന്നത്. അതനുസരിച്ചാണ് ഇന്നലെ പറവൂർ കവല സ്റ്റാൻഡിൽ മാത്രം നമ്പർ വിതരണം ചെയ്തത്. ട്രാഫിക്ക് റെഗുലേറ്ററി അദ്ധ്യക്ഷ നിർദ്ദേശിച്ചതനുസരിച്ച് അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കും.
# അനധികൃത ഓട്ടോകൾക്ക് പിടിവീഴും
ബോണറ്റ് നമ്പർ നിർബന്ധമാക്കുന്നതോടെ അനധികൃത ഓട്ടോറിക്ഷകൾക്ക് പിടിവീഴും. യാത്രക്കാരിൽ നിന്ന് അമിത വാടക ഈടാക്കിയാൽ ഡ്രൈവർമാരും കുടുങ്ങം. ഇവരുടെ മുഴുവൻ വിവരങ്ങളും പൊലീസിന്റെ കൈവശമുണ്ടാകും.
# കുഴയുന്നത് ഓട്ടോ ഉടമകൾ
വർഷങ്ങളായി ഡ്രൈവർമാരെ ഉപയോഗിച്ച് ഓട്ടോ ഓടിപ്പിക്കുന്നവരാണ് കുഴയുന്നത്. ബോണറ്റ് നമ്പർ നൽകുന്നത് ഡ്രൈവർമാർക്കാണ്. ഏതെങ്കിലും ഡ്രൈവർമാർ മുതലാളിമാരോട് തെറ്റി വാഹനത്തിൽ നിന്നും ഇറങ്ങിയാൽ ഓട്ടോറിക്ഷകൾ ഓടിക്കാൻ ആളില്ലാതെ കട്ടപ്പുറത്താകും. അല്ലെങ്കിൽ വേറെ ഓട്ടോറിക്ഷയിൽ നിന്നും ഡ്രൈവർമാരെ വലിക്കേണ്ടിവരും.