shahla-shereen

കൊച്ചി: ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് വ്യക്തമാക്കി വയനാട് ജില്ലാ ജഡ്‌ജി എ. ഹാരിസ് കേരള ലീഗൽ സർവീസ് അതോറിട്ടിക്ക് റിപ്പോർട്ട് നൽകി. കുട്ടിയെ തോളിലേറ്റി രക്ഷിതാവ് തനിച്ച് ഓട്ടോയിൽ പോകുന്ന സി.സി.ടി.വി ദൃശ്യം വേദനാജനകമാണെന്നും ട്രാഫിക് പൊലീസിന്റെ ജീപ്പ് സ്കൂളിലെത്തിയിരുന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിച്ചെന്നും റിപ്പോർട്ടിലുണ്ട്.

നവംബർ 20 നാണ് കുട്ടി പാമ്പുകടിയേറ്റു മരിച്ചത്. തുടർന്ന് കെൽസ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ചെയർമാനായ ജില്ലാ ജഡ്‌ജിയോടു റിപ്പോർട്ട് തേടിയിരുന്നു. കുട്ടിയുടെ വീട്ടിലും സ്കൂളിലും സന്ദർശനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടാണ് പ്രത്യേക ദൂതൻ മുഖേന ജില്ലാ ജഡ്‌ജി സമർപ്പിച്ചത്.

റിപ്പോർട്ടിൽ നിന്ന്

 കുട്ടിക്ക് ‌സ്കൂളിലും ആശുപത്രിയിലും മതിയായ ചികിത്സ കിട്ടി​യി​ല്ല

 ചി​കി​ത്സ നൽകാതെ അരമണിക്കൂറോളം സ്കൂളിൽ പാഴാക്കി

 പാമ്പുകടിയേറ്റെന്ന് രക്ഷിതാവിനെ അറിയിച്ചതല്ലാതെ ഒന്നും ചെയ്തില്ല.

 ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയില്ല

 സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി

 വിള്ളലുകളും മാളങ്ങളുമുള്ള പഴയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്

 കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അധികൃതർക്ക് ധാർമ്മിക ബാദ്ധ്യതയുണ്ടായിരുന്നു

 പാമ്പുകടിയേറ്റത് വൈകിട്ട് 3.19 നോടടുത്താണെന്ന് സി.സി.ടിവിയിൽ നിന്ന് വ്യക്തം

 3.42 ന് കുട്ടിപ്പൊലീസിനു പരിശീലനം നൽകാൻ ട്രാഫിക് പൊലീസിന്റെ ജീപ്പ് സ്കൂളിലെത്തിയിരുന്നു

 വൈകിട്ട് 4.45 വരെ ജീപ്പ് അവിടെയുണ്ടായിരുന്നെന്ന് സി.സി.ടിവിയിൽ വ്യക്തമാണ്

 വൈകിട്ട് 3.45 ന് കുട്ടിയുടെ പിതാവാണ് ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

 താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് കുറ്റകരമായ വീഴ്ചയുണ്ട്

 പ്രതിവിഷം (ആന്റി വെനം) ഉണ്ടായിരുന്നിട്ടും പിതാവ് ആവശ്യപ്പെട്ടി​ട്ടും പീഡിയാട്രിക് വെന്റിലേറ്ററില്ലെന്ന പേരിൽ നൽകിയില്ല. ഒരു മണിക്കൂർ ഇവിടെ പാഴായി.

 നവംബർ 20 ന് 19 പാക്കറ്റ് പ്രതിവിഷം താലൂക്ക് ആശുപത്രിയിലുണ്ടെന്ന് രേഖകൾ

ശുപാർശകൾ

 വിദ്യാലയങ്ങളിലെ സാഹചര്യം വിലയിരുത്താൻ ഹൈക്കോടതി നിയോഗിക്കുന്ന ജഡ്‌ജി അദ്ധ്യക്ഷനും എല്ലാ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ടതുമായ സമിതി വേണം.

 പ്രഥമശുശ്രൂഷ നൽകാൻ അദ്ധ്യാപകരെ പരിശീലിപ്പിക്കാൻ സ്ഥിരം സംവിധാനം വേണം.

 സ്കൂളും പരിസരവും വൃത്തിയാക്കാൻ സ്റ്റാഫിനെ നിയമിക്കാൻ തദ്ദേശ വകുപ്പിന് അധികാരം നൽകണം.

 സ്കൂളുകളിലെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തണം

 ഫണ്ടില്ലെന്ന പേരിൽ പി.ടി.എ സമിതികൾക്ക് ഒഴിഞ്ഞുമാറാനാവില്ല