കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കരാർ കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ട്സ് ലിമിറ്റഡിനെ കരിമ്പട്ടികയിൽപ്പെടുത്താൻ നടപടി തുടങ്ങിയതായി ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി. പുനലൂർ- പൂങ്കുന്നം റോഡ് നവീകരണ ജോലികളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ആർ.ഡി.എസ് കമ്പനി ഉൾപ്പെട്ട കൺസോർഷ്യം നൽകിയ ഹർജിയിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് ചീഫ് എൻജിനീയർ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടെണ്ടർ രേഖകൾ പ്രകാരം കൺസോർഷ്യത്തിലെ ലീഡ് കമ്പനി ആർ.ഡി.എസ് ആണ്. ഫ്ളൈ ഓവർ നിർമ്മാണത്തിലെ ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ് ഈ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കമ്പനി എം.ഡി സുമിത് ഗോയൽ ജയിലിലായിരുന്നെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേന്ദ്ര വിജിലൻസ് കമ്മിഷൻ മാർഗനിർദ്ദേശപ്രകാരം ഇത്തരം സാഹചര്യത്തിൽ കമ്പനിയെ ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാനാവും.