തൃക്കാക്കര : തൃക്കാക്കര നഗര സഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് കോടതി ആലുവക്ക് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ നഗര സഭ കൗൺസിൽ പ്രമേയം പാസാക്കി.ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ കാക്കനാട് ബാർ അസോസിയേഷൻ സമർപ്പിച്ച അപേക്ഷ പരിഗണിക്കവേയാണ് അഡ്വ.ശിഹാബ് പ്രമേയം അവതരിപ്പിച്ചത്.കോൺഗ്രസ് കൗൺസിലർ അഡ്വ.സലിം പിന്താങ്ങി​. ഹൈക്കോടതി രജിസ്റ്റാറാരെ അറിയിക്കുന്നതിന് തീരുമാനിച്ചു.എൻജിനിയറിംഗ് വിഭാഗത്തിലേക്ക് ട്രെയി​നികളായി 16 പേരെ നിയമിക്കാൻ തീരുമാനിച്ചു.തെങ്ങോട് സ്കൂളിൽ പഴയ കെട്ടിടത്തിന്റെ രണ്ടുനിലകൾ വൈദുതീകരി​ക്കുന്നതി​ന് പൊതുഫണ്ടിൽ നിന്നും 4,10,000 രൂപ അനുവദിക്കാൻ യോഗം തീരുമാനിച്ചു. വിവിധ വാർഡുകളിലായി 12 പദ്ധതികൾക്ക് കൗൺസിൽ യോഗം അംഗീകാരം നൽകി.പദ്ധതികളുടെ ടെൻഡർ നടപടി അംഗീകാരം ലഭിച്ചു. കൂടാതെ കഴിഞ്ഞ ബഡ്ജറ്റിൽ വിവിധ വാർഡുകളിലായി വകയിരുത്തിയ 21 പദ്ധതികൾക്കും യോഗത്തിൽ അംഗീകാരം ലഭിച്ചു.നഗര സഭയുടെ അക്കൗണ്ടുകൾ ന്യൂസ് ജനറേഷൻ ബാങ്കുകളിലേക്ക് മാറ്റുന്നത് ശരിയല്ലെന്ന് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷൻ എം .എം നാസർ പറഞ്ഞു.യൂണിയൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന നഗര സഭയുടെ ഓൺ അക്കൗണ്ടിൽ നിന്നും അഞ്ചുകോടിരൂപ സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാനുളള അജണ്ട ചർച്ചചെയ്യവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.


ബി​ജെപി​ പ്രതി​ഷേധി​ച്ചു

കാക്കനാട് യൂണിയൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന നഗര സഭയുടെ ഓൺ അക്കൗണ്ടിൽ നിന്നും അഞ്ചുകോടിരൂപ സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാനുളള തീരുമാനത്തിനെതിരെ ബി.ജെപി രംഗത്ത്.ന്യൂ ജനറേഷൻ സ്വകാര്യ ബാങ്കുകളെ സഹായിക്കുന്ന നടപടി നഗര സഭ പുനഃപരിശോധിക്കണമെന്ന് ബി .ജെ .പി ജില്ലാ കമ്മറ്റി അംഗം സോമൻ വാളവക്കാട്ടിൽ പറഞ്ഞു.യൂണിയൻ ബാങ്കിൽ 6.6 ശതമനം പലിശ നൽകുമ്പോൾ അവിടെ പലിശ കുറവാണെന്ന കാരണത്താൽ സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാനുളള നീക്കത്തിൽ ദുരൂഹതയുണ്ട്.