കൊച്ചി വികസനത്തിന് പുതിയതലങ്ങൾ തുറന്ന് തരുന്ന ബ്‌ളൂ ഇക്കോണമി പദ്ധതികൾ നടപ്പിലാക്കുമ്പോൾ മത്സ്യബന്ധന മേഖലയിലെ ചെറുകിടക്കാരെയും മത്സ്യവിപണ രംഗത്ത് പ്രവർത്തിക്കുന്ന വനിതകളെയും ചെറുകിട മത്സ്യകർഷകരെയും കൂടി കണക്കിലെടുക്കണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആദ്യ ബ്‌ളൂ ഇക്കോണമി കോൺഫൻസ് അക്വാബെ 2019 കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിന് ബ്‌ളൂ ഇക്കോണമിയിൽ വലിയ സാദ്ധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരം പങ്കിടുന്ന രാജ്യങ്ങളുടെ സംഘടനയായ ഇന്ത്യൻ ഓഷൻ റിം അസോസിയേഷന്റെയും ( അയോറ) ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയാണ് (കുഫോസ്) മൂന്ന് ദിവസത്തെ ബ്‌ളൂ ഇക്കോണമി കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്. അയോറ സെക്രട്ടറി ജനറൽ ഡോ. നോംവുയോ എൻ.നോക് വെ കോൺഫറസിൽ മുഖ്യപ്രഭാഷണം നടത്തി. കുഫോസ് വൈസ് ചാൻസലർ ഡോ. എ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. വിദേശകാര്യ ജോയിന്റ് സെക്രട്ടറി വിക്രം.കെ.ദൊരൈ സ്വാമി ഐ.എഫ്.എസ്, കൊച്ചിൻ ഷിപ്പ് യാർഡ് സി.എം.ഡി മധു എസ് നായർ, ഇകോയിസ് ഡയറക്ടർ ഡോ.സി.എസ്.ഷേണായി, ഇത്യോപ്യയിലെ ഹസാവ യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് ഡോ.ഫിസിഹ ഗെറ്റാച്യു ആർഗ, നെതർലാന്റ്സ് ഡെൽറ്റ് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ.ബെർട്ട് എൻസേരിനിക് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ സ്വാഗതവും ഗവേഷണ വിഭാഗം മേധാവി ഡോ. ടി.വി.ശങ്കർ നന്ദിയും പറഞ്ഞു. കോൺഫറൻസ് ശനിയാഴ്ച സമാപിക്കും.