കൊച്ചി : മട്ടാഞ്ചേരി സേവ്യർ വധക്കേസിലെ ഒന്നും രണ്ടും പ്രതികളായ മട്ടാഞ്ചേരി പുളിക്കൽ സനുവെന്ന കെ.കെ. സനോജ് (33), മത്തേവൂസ് പറമ്പിൽ എം.എം. ഇസ്മയിൽ (42) എന്നിവർക്ക് എറണാകുളം അഡി. സെഷൻസ് കോടതി പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയും ശിക്ഷവിധിച്ചു. 2013 ഡിസംബർ അഞ്ചിനായിരുന്നു സംഭവം. മട്ടാഞ്ചേരി കോക്കേഴ്സ് തിയേറ്ററിനു സമീപം പ്രതികളുമായി വാക്കുതർക്കമുണ്ടാക്കിയശേഷം സേവ്യർ വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നാലെയെത്തിയ സനുവും ഇസ്മായിലും ഇയാളെ വീട്ടിലെത്തി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടിലുണ്ടായിരുന്ന അമ്മയെ രക്ഷിക്കാൻ സേവ്യർ വാതിലുകളും ജനാലകളും കൊട്ടിയടച്ചിരുന്നു. പ്രതികൾ ജനാലയുടെ ഗ്ളാസ് തകർത്ത് സേവ്യറിന്റെ കൈയിൽ കടന്നുപിടിച്ചു പുറത്തേക്ക് വലിച്ചെന്നും ഇതിനിടെ പൊട്ടിയ ചില്ലുകൊണ്ട് കൈമുറിഞ്ഞ് രക്തം വാർന്ന് സേവ്യർ മരിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്. 2014 ഫെബ്രുവരി അഞ്ചിനാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. 19 സാക്ഷികളെ വിസ്തരിച്ച അഡി. സെഷൻസ് ജഡ്ജി 31 രേഖകളും അഞ്ച് തൊണ്ടി സാധനങ്ങളും പരിശോധിച്ചു. പ്രതികൾ പിഴയൊടുക്കിയാൽ തുക സേവ്യറിന്റെ അമ്മയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.